സിനിമയിൽ നിന്നും കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സ്വയം രാജിവെച്ച് പോകണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ഒന്നുകിൽ അഭിനയം നിർത്തണമെന്നും അല്ലെങ്കിൽ ഹിന്ദിയിൽ അമിതാഭ് ബച്ചൻ ചെയ്യുന്നതു പോലെ സ്വന്തം പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങളോ അച്ഛൻ വേഷങ്ങളോ ചെയ്യണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
ഏതായാലും മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ശാന്തിവിള ദിനേശ് പറഞ്ഞതിനെ അനുകൂലിച്ചും എതിർത്തും അഭിപ്രായം ഉയർന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ നടൻമാർ മര്യാദയ്ക്ക് ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് നാൾ കുറേ ആയെന്നും വാനപ്രസ്ഥവും അമരവും ഒക്കെ ചെയ്ത മോഹൻലാലിനെയും മമ്മൂട്ടിയെയും എത്രനാളായി കണ്ടിട്ടെന്നും അദ്ദേഹം ചോദിക്കുന്നു.
ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും എതിരെയും ശാന്തിവിള ദിനേശ് രംഗത്തെത്തി. ഇവർ രണ്ടു പേരും മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വിറ്റ് എടുക്കുകയാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. അവർക്ക് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. അതുകൊണ്ട് എല്ലാ തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റ് കോടികൾ ഉണ്ടാക്കാനാണ് പലരും നോക്കുന്നതെന്നും ശാന്തിവിള ദിനേശ് തുറന്നു പറഞ്ഞു. തൊണ്ണൂറുകൾ മുതൽ ഒട്ടേറെ ചിത്രങ്ങളിൽ സഹസംവിധായകനായിരുന്ന ശാന്തിവിള ദിനേശ് ബംഗ്ലാവിൽ ഔതാ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ യുട്യൂബിൽ സ്വന്തമായി ഒരു യുട്യൂബ് ചാനൽ നടത്തുന്നുണ്ട്.