‘കാഴ്ച’യിലെ കൊച്ചുണ്ടാപ്രിയെ ഓര്‍ക്കാത്ത സിനിമാപ്രേമികള്‍ ഉണ്ടാവില്ല. എങ്ങു നിന്നോ വന്ന്, മാധവന്റെയും കുടുംബത്തിന്റെയും സ്നേഹം ഏറ്റുവാങ്ങി, എങ്ങോ കൈവിട്ടു പോയവന്. മകനെപ്പോലെ അവനെ സ്നേഹിച്ച്, മകനായിത്തന്നെ വളര്‍ത്താന്‍ മാധവന് ആഗ്രഹിച്ചിരുന്നു എങ്കിലും നിയമതടസ്സങ്ങള്‍ കാരണം അവനെ വന്നയിടത്തേക്ക് തന്നെ തിരിച്ചയയ്ക്കേണ്ടി വരുന്നു. ആ വേര്‍പിരിയലിന്റെ വേദനയിലാണ് ‘കാഴ്ച’ അവസാനിക്കുന്നത്. ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം പറഞ്ഞത് ഗുജറാത്ത് ഭൂകമ്പത്തില്‍ ഒറ്റപെട്ടു പോയ ഒരാണ്‍കുട്ടിയുടെയും, അവനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാധവന് എന്ന സിനിമാ പ്രോജക്ഷനിസ്റ്റിന്റെയും കഥയാണ്. മാധവനായി മമ്മൂട്ടി എത്തിയപ്പോള്‍ പവന് എന്ന കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റര്‍ യഷ് ആണ്. മാധവന്റെ മകൾ അമ്പിളിയായി എത്തിയത് സനുഷയാണ്. വർഷങ്ങൾക്കിപ്പുറം സനുഷയും യാഷും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. വനിതാ മാഗസിനാണ് ഇരുവരുടെയും അഭിമുഖം തയ്യാറാക്കിയത്. മമ്മൂക്കയെ കുറിച്ചുള്ള രസകരമായ കാര്യങ്ങൾ ഇരുവരും പങ്ക് വെച്ചു. മട്ടാഞ്ചേരി സ്വദേശിയായ യഷ് ഇപ്പോള്‍ ജൈപൂരില്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയാണ്.
“മമ്മൂട്ടി സാറായിരുന്നു എന്റെ ഏറ്റവും വലിയ ആശ്രയം. ഷോട്ട് ശരിയാകാതെ വരുമ്പോഴോ കുസൃതികാണിക്കുമ്പോഴോ വഴക്കു കേൾക്കാൻ സാധ്യതയുെണ്ടന്നറിഞ്ഞാൽ ഉടൻ ഞാൻ സാറിന്റെടുത്തേക്കോടും. മടിയിൽ ചാടിക്കയറി ഇരിക്കും. അതോടെ ആരും എന്നെ ഒന്നും പറയില്ല. സത്യം പറഞ്ഞാൽ അദ്ദേഹം അത്രയും വലിയ നടനാണെന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ അന്നൊന്നും ഞാനൊട്ടും ബഹുമാനം നൽകിയിരുന്നില്ലെന്നു തോന്നും.” യാഷ്
“മറ്റൊരു മമ്മൂക്കയായിരുന്നു ആ സെറ്റിൽ. ബാലരമയ്ക്കൊക്കെ വേണ്ടി ഞങ്ങളോട് അടി കൂടിയിട്ടുണ്ട്. ഇടയ്ക്കു വരുമ്പോൾ സ്ട്രോബെറിയൊക്കെ കൊണ്ടുവരും. ഞങ്ങൾക്ക് സമ്മാനങ്ങൾ തരും. സിനിമയിൽ മമ്മൂക്കയുടെ ആ കഥാപാത്രം കാണിക്കുന്ന അതേ സ്നേഹവും വാത്സല്യവും ഷൂട്ട് ഇല്ലാത്തപ്പോഴും കാണിച്ചിരുന്നു. ഇപ്പോൾ കാണുമ്പോഴും പഠനത്തിൽ ശ്രദ്ധിക്കണം, ഉഴപ്പരുത്. സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം എന്നെല്ലാം പറയാറുണ്ട്.” സനുഷ