‘ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സജിയേട്ടാ നിങ്ങൾ ഇവിടെ സേഫ് അല്ലാന്ന്’ ജാൻ എ മൻ സിനിമ കണ്ടിറങ്ങിയവർക്ക് ആർക്കും സജിയേട്ടന്റെ സംരക്ഷണം ഏറ്റെടുത്ത ആ പാലക്കാടുകാരൻ ഗുണ്ടയെ മറക്കാൻ കഴിയില്ല. ഗുണ്ടാ കണ്ണൻ ആയി നിറഞ്ഞാടിയ ശരത് സഭയ്ക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാരക്ടർ ആയിരുന്നു ജാൻ എ മന്നിലേത് എന്നാണ് ശരത് സഭ പറയുന്നത്. ഓഡിഷൻ വഴിയാണ് ഈ സിനിമയിലേക്കും എത്തിയത്. ഓഡിഷന് ചെന്നപ്പോൾ മരണവീട്ടിൽ പോയി അലമ്പുണ്ടാക്കുന്ന സീൻ ആയിരുന്നു. അവർ അപ്പോൾ തന്നെ ഓക്കേ ആയെന്നും അങ്ങനെ സിനിമയിലേക്ക് എത്തുകയായിരുന്നെന്നും ശരത് സഭ പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ശരത് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
തിരുവനന്തപുരം സ്ലാങ് പറ്റുമോയെന്ന് ആദ്യമേ ചോദിച്ചിരുന്നു. മറ്റൊന്നും ആലോചിക്കാതെ അതങ്ങ് ഏറ്റെടുക്കുകയായിരുന്നു. ഓഡിഷന്റെ സമയത്ത് തിരുവനന്തപുരം സ്ലാങ് ആണ് ഉപയോഗിച്ചതെങ്കിലും തനിക്കതിൽ തൃപ്തി വന്നില്ലെന്ന് ശരത് പറയുന്നു. പിന്നീട് ഞാൻ ആ കാരക്ടർ തിരുവനന്തപുരത്ത് നിന്ന് വരുന്നതിന് പകരം പാലക്കാട് നിന്ന് വന്നാൽ കഥയ്ക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്ന് അവരോട് ചോദിച്ചു. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഷർട്ടും പാന്റും ആയിരുന്നു വേഷം. കോസ്റ്റ്യൂം ഒക്കെ ഇട്ട് മുടിയൊക്കെ അലമ്പാക്കി കണ്ണാടിയിൽ നോക്കിയപ്പോൾ ആത്മവിശ്വാസം വന്നു. ഒരു കറുത്ത കുറി കൂടി ഇട്ടോട്ടെയെന്ന് ചിദംബരത്തോട് ചോദിച്ചു. ചിദംബരം സമ്മതം നൽകിയതോടെ സജിയേട്ടന്റെ സംരക്ഷകൻ ആകുകയായിരുന്നെന്നും ശരത് പറഞ്ഞു.
മിക്ക ദിവസത്തെയും ഷൂട്ട് നടന്നത് രാത്രിയിൽ ആയിരുന്നു. വൈകുന്നേരം ലൊക്കേഷനിൽ എത്തിയാൽ പിന്നെ എല്ലാവരും കൂടി ജിൽ ജിൽ ആയി നിൽക്കുകയാണ് പതിവ്. ബേസിൽ ഉൾപ്പെടെ മിക്കവരെയും ഫോൺ വിളിച്ചും കണ്ടും ഒക്കെയുള്ള പരിചയം ഉണ്ടായിരുന്നു. അഭിനയത്തോടാണ് എപ്പോഴും ആഗ്രഹം. തൃശൂർ ഡ്രാമ സ്കൂളിലാണ് പഠിച്ചത്. ഒറ്റയാൾ പാത, മറവി, തരംഗം, ഒടിയൻ, മിസ്റ്റർ ആൻഡ് മിസിസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ശരതിന്റെ വീട് പെരുങ്ങോട്ടുശ്ശേരിയാണ്. ചാനലുകളിൽ ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നുണ്ട്. സജിയേട്ടനെ സേഫ് ആക്കാൻ നോക്കിയ ആത്മാർത്ഥത കണ്ട് കൂട്ടുകാരൊക്കെ വിളിച്ച് ‘നീ സേഫ് ആണെടാ’ എന്ന് പറയുന്നത് കേൾക്കുന്നതാണ് ഇപ്പോൾ ശരത്തിന്റെ ഏറ്റവും വലിയ സന്തോഷം.