അമ്പലത്തിലൊന്നു തേങ്ങ ഉടക്കാന്‍ പോയപ്പോള്‍ അതിത്രയും വൈറലാകുമെന്ന് ശശി തരൂര്‍ എം.പി ഓര്‍ത്തു കാണില്ല. ഇക്കഴിഞ്ഞ ഓണനാളിലാണ് സംഭവം. അന്നാണ് തരൂര്‍ പെരിങ്ങോട്ടുകാവ് ക്ഷേത്രം സന്ദര്‍ശിച്ചത്. ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം തേങ്ങയുടക്കുന്ന ഫോട്ടോയും. പിന്നെ നടന്നതൊക്കെ ഒരു പൂരമായിരുന്നു..മീമുകളുടെ പൊടിപൂരം.
ചായക്കടയില്‍ നീട്ടി ചായ അടിക്കുന്ന തരൂര്‍, നര്‍ത്തകിമാര്‍ക്കൊപ്പം ചുവടു വയ്ക്കുന്ന, ക്രിക്കറ്റ് പിച്ചില്‍ നില്ക്കുന്ന തരൂര്‍…ഒടുവില്‍ നീരജ് ചോപ്രക്കൊപ്പം തരൂരിനെ ഒളിമ്പിക്സില്‍ കൊണ്ടുവരെയെത്തിച്ചു. എതീയിസ്റ്റ് കൃഷ്ണ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ചിത്രങ്ങളെല്ലാം തരൂരിന് ഇഷ്ടമായി. ചിലത് പങ്കുവയ്ക്കുകയും ചെയ്തു.” ആചാരത്തിന്റെ ഭാഗമായി ഞാന്‍ തേങ്ങ ഉടക്കുന്ന ചിത്രം ഉപയോഗിച്ചുള്ള മീമുകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ആ ചിത്രങ്ങള്‍ വച്ച് ഇത്രക്കും ഭാവന ഉപയോഗിക്കുന്നത്. എന്തായാലും തമാശ നിറഞ്ഞതാണ്. അവയില്‍ എനിക്കിഷ്ടപ്പെട്ടത് ഇവയാണ്” ചിത്രങ്ങള്‍ക്കൊപ്പം തരൂര്‍ കുറിച്ചു.