ജീവിതഗന്ധിയായ നിരവധി ചിത്രങ്ങൾ കഴിഞ്ഞ 30 വർഷത്തിനിടയിൽ ചെയ്ത് മലയാളികളെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് സത്യൻ അന്തിക്കാട്.അദ്ദേഹത്തിന്റെ നാടോടിക്കാറ്റ് എന്ന ചിത്രം മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒന്നാണ്. ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിൽ തിലകൻ ഇല്ലാതെ ആ രംഗം ചിത്രീകരിച്ചത് എങ്ങനെയെന്ന സത്യം വെളിപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. താരങ്ങളുടെ ഡേറ്റുകൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് മാസങ്ങളോളം എടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.
തിലകന്റെ ഡേറ്റിൽ പ്രശ്നം ഉള്ളത് കാരണം ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ആക്സിഡന്റ് ആവുകയും മൂന്നുമാസത്തെ റെസ്റ്റ് പറയുകയും ചെയ്തു. പവനായിയെ കൊണ്ടു വരാൻ അനന്ദൻ നമ്പ്യാർ തീരുമാനിക്കുന്ന രംഗമാണ് ക്ലൈമാക്സിലേക്ക് നൽകുന്ന രംഗം. തിലകൻ ഇല്ലാത്തതുകൊണ്ട് അനന്ദൻ നമ്പ്യാരുടെ സഹായിയെ കൊണ്ട് ” ഇനി അനന്തന് നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ “എന്നൊരു അഡീഷണൽ ഡയലോഗ് പറയിപ്പിക്കുകയായിരുന്നു. അവസാനം അനന്തൻ നമ്പ്യാരെ പിടിക്കുന്ന സീനിൽ കോസ്റ്റിയൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവച്ച് ആ സീന്‍ എടുത്തു. ഇത്രയും വർഷമായിട്ടും ഈ രഹസ്യം ആർക്കും കണ്ടെത്താനായില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.