ജയറാം, മീരാ ജാസ്മിന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തു വിട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ സത്യന് അന്തിക്കാട് തന്നെയാണ് പേര് പുറത്തു വിട്ടത്.
ഫേസ്ബുക്ക് കുറിപ്പ്:
പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്.
ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു.
‘മകള്‍’.
അത് നിങ്ങളുമായി പങ്കു വക്കുന്നു.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിര്‍മ്മിച്ച ‘സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്’ നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങള്‍ നല്കുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ ‘മകള്‍’ നിങ്ങള്‍ക്കു മുമ്പിലെത്തും.