മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ, കട്ടപ്പനയിലെ ഹൃതിക് റോഷനിലെ ഗീതു എന്നിങ്ങനെ മലയാളികൾക്ക് നിരവധി തേപ്പുകാരികളെ പരിചയമുണ്ട്. സിനിമ ലോകത്ത് നിന്നും മാറി ഇപ്പോഴിതാ സീരിയൽ ലോകത്ത് നിന്നും തേപ്പുകാരി പദവിയുമായി ഒരു നടി പ്രേക്ഷക മനസ്സുകൾ കീഴടക്കുന്നു. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പാരമ്പരയായ ‘സത്യ എന്ന പെൺകുട്ടി’യിലെ ദിവ്യയെ അവതരിപ്പിക്കുന്ന ആർദ്ര ദാസാണ് പുതിയ ‘തേപ്പുകാരി’.
പരമ്പരയിൽ ആഡംബരപൂർണമായ ഒരു ജീവിതം കൊതിച്ച് സുധിയെ പ്രണയിക്കുന്നയാളാണ് ദിവ്യ. എന്നാൽ പ്രണയത്തിൽ ട്വിസ്റ്റ് വന്നതോട് കൂടി സുധി സത്യയെ വിവാഹം കഴിക്കുന്നു. എങ്കിലും തേപ്പുകാരി എന്ന പേര് ദിവ്യക്ക് ചാർത്തിക്കൊടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദധാരിയായ ആർദ്ര ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. മഞ്ഞുരുകും കാലത്തിലൂടെ അരങ്ങേറ്റം കുറിച്ച ആർദ്ര ഒറ്റച്ചിലമ്പ്, പരസ്പരം തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. തേപ്പുകാരി എന്ന വിളി ആദ്യമൊക്കെ അരോചകമായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അതാണ് തന്റെ കഥാപാത്രത്തിന്റെ വിജയമെന്ന് മനസ്സിലായെന്നും മാസ്ക്ക് ധരിച്ച് പുറത്തിറങ്ങിയാൽ പോലും തന്നെ പ്രേക്ഷകർ തിരിച്ചറിയുന്നുവെന്നും വെളിപ്പെടുത്തി.