ഗായികയും സംഗീത സംവിധായികയും ഒക്കെയായി മലയാള ചലച്ചിത്ര ഗാനരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിനപ്പുറത്തേക്ക് ആത്മവിശ്വാസത്തിന്റെയും പ്രചോദനമേകുന്ന വ്യക്തിത്വത്തിന്റെയും ഉടമ കൂടിയാണ് ഈ യുവഗായിക. കഴിഞ്ഞദിവസം സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി. ‘സ്നേഹം മുടിയിലാണ്’ (Love is in the hair) എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ആരാധകരും സുഹൃത്തുക്കളും ഏറ്റെടുത്തു. ആരാധകരും സുഹൃത്തുക്കളുമായ നിരവധി പേരാണ് പുതിയ ലുക്ക് മനോഹരമായിട്ടുണ്ടെന്ന അഭിപ്രായവുമായി കമന്റ് ബോക്സിൽ എത്തിയത്.
മുടി മാത്രമല്ല ഉടുപ്പും സ്റ്റെൽ ആയിട്ടുണ്ടെന്ന് ചിലർ കുറിച്ചു. ഇപ്പോൾ ചെത്ത് സ്റ്റെലിൽ ആണല്ലോ എന്നാണ് ഒരാൾ ചോദിച്ചത്. സയനോര വല്ലാത്തൊരു പ്രചോദനമാണെന്ന് കുറിച്ച വർഷയ്ക്ക് മറുപടി നൽകാനും താരം സമയം കണ്ടെത്തി. സൈഡ് പോക്കറ്റുള്ള ചെക്ക്ഡ് ഫിറ്റ് ആൻഡ് ഫ്ലയർ ഡ്രസ് ധരിച്ചാണ് തന്റെ പുതിയ ചിത്രങ്ങളിൽ സയനോര പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സയനോര ഇടയ്ക്കിടയ്ക്ക് തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല എന്നിവർക്കൊപ്പം വീട്ടിൽ ധരിക്കുന്ന വേഷത്തിൽ നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മലയാളസിനിമാ രംഗത്തെ പിന്നണിഗായികയായ സയനോര ജീൻ മാർക്കോസ് സംവിധാനം ചെയ്ത കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. സ്കൂൾ കാലഘട്ടം മുതൽ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര സംഗീത മേഖലയിൽ നിരവധി സമ്മാനങ്ങൾ നേടി. ഫിസിക്കൽ ട്രെയിനറായ വിൻസ്റ്റൺ ആഷ്ലീ ഡിക്രൂസ് ആണ് ഭർത്താവ്. ഈ ദമ്പതികൾക്ക് സെന എന്നു പേരായ ഒരു മകളുണ്ട്.