ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകയായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ഇതോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ആഷ്ലി ഡി ക്രൂസ് ആണ് സയനോരയുടെ ഭർത്താവ്. ഒരു ജിം ഇൻസ്ട്രക്ടർ ആണ് ആഷ്ലി. ഇരുവർക്കും ഒരു മകളാണ് ഉള്ളത്.
ഇപ്പോഴിത നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചും മാറ്റിനിർത്തലുകളെ കുറിച്ചും മനസ് തുറക്കുകയാണ് ഗായിക സയനോര ഫിലിപ്പ്. ഗായകൻ എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ടോക്ക് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ കാലഘട്ടം മുതൽ തനിക്ക് നിറത്തിന്റെ പേരിൽ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സയനോര പറയുന്നു. ഇതിനോടൊപ്പം പാട്ട് വിശേഷങ്ങളും സയനോര പങ്കുവെയ്ക്കുന്നുണ്ട്. പ്രിയപ്പെട്ട ഗായികയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ചെറുപ്പത്തിൽ നിറം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണ് സയനോര വെളിപ്പെടുത്തിയത്. തനിക്ക് ആയിരുന്നില്ല പ്രശ്നം. നിറം കുറഞ്ഞതിന്റെ പേരിലും തടി കൂടിയതിന്റെ പേരിലും സമൂഹം ട്രീറ്റ് ചെയ്ത ആളുകളെ പോലെ എന്നെയും അത് എഫെക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അതിൽ നിന്നും കര കയറി മുന്നേറി വരികയായിരുന്നു. ഇതിൽ ഒന്നും വലിയ കാര്യമില്ല എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. കുട്ടിക്കാലത്തു ഡാൻസ് മാസ്റ്റർ സെലക്ട് ചെയ്തിട്ടും നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടയാളാണ് ഞാൻ. ഇപ്പോൾ സമൂഹം മാറിവരുന്നുണ്ട്. ആളുകളുടെ കാഴ്ചപ്പാടുകൾ മാറി വരുന്നുണ്ടെന്ന് സയനോര പറയുന്നു.
ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കരുതിയത്. എന്നാൽ മുന്നോട്ടുള്ള ജീവിതത്തിൽ തന്റെ ഈ ചിന്തകൾ മാറുകയായിരുന്നു എന്നും സയനോര വ്യക്തമാക്കി. ഇപ്പോഴുള്ള നിരവധി റിയാലിറ്റി ഷോകളിൽ ഇത്തരം തമാശകൾ കേട്ട് താൻ അടക്കമുള്ളവർ ചിരിച്ചിട്ടുണ്ടെന്നും നമ്മുടെ സമൂഹം സൃഷ്ടിച്ചു വെച്ചിരിക്കുന്നത് അത്തരത്തിലുള്ള പൊതു സ്വഭാവമാണെന്നും സയനോര മുൻപൊരിക്കൽ പറഞ്ഞിരുന്നു.