ഗായികയായി കരിയർ ആരംഭിച്ച പിന്നീട് സംഗീത സംവിധായകനായി മാറിയ താരമാണ് സയനോര ഫിലിപ്പ്. സ്വരമാധുര്യത്തിലൂടെ സയനോര മലയാളികളുടെ മനം കവർന്നു. 2018 ൽ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇതോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം. ആഷ്ലി ഡി ക്രൂസ് ആണ് സയനോരയുടെ ഭർത്താവ്. ഒരു ജിം ഇൻസ്ട്രക്ടർ ആണ് ആഷ്ലി. ഇരുവർക്കും ഒരു മകളാണ് ഉള്ളത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ കറുത്തനിറം കാരണം തനിക്ക് നേരിടേണ്ടിവന്ന അവഗണനകളെ പറ്റി താരം തുറന്നു പറയുകയാണ്.
സയനോരയുടെ വാക്കുകൾ
‘എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്. പാട്ട് പാടുമെന്ന് ഉണ്ടെങ്കിലും എന്റെ ഇഷ്ടം ഡാൻസായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്കൂളിലെ ഡാൻസ് ടീമിൽ എന്നെ സെലക്ട് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ പിറ്റേദിവസം റിഹേഴ്സലിന് വിളിച്ചപ്പോൾ എന്നെ വിളിച്ചില്ല. ഡാൻസ് സാർ എന്നെയാണ് ആദ്യം തിരഞ്ഞെടുത്തത്. അപ്പോൾ ഞാൻ പോയി അത് പറഞ്ഞു. ഞാനിങ്ങനെ ഡാൻസിൽ ഇന്നലെ സെലക്ട് ആയിരുന്നുവെന്ന് ഒരു സിസ്റ്ററോട് പറഞ്ഞപ്പോൾ സിസ്റ്റർ പറഞ്ഞു, മോളെ ഒരു കാര്യമൊന്ന് ആലോചിച്ച് നോക്ക്.. മോളുടെ കളർ നോക്കൂ, ബാക്കിയുള്ള കുട്ടികളുടെ കളർ നോക്കൂ.. എത്ര വ്യത്യസമാണ്..! മോൾ എത്ര മേക്കപ്പ് ചെയ്താലും അവരെപോലെ ആകുമോ? അപ്പോൾ നമ്മുടെ സ്കൂളിലെ പോയിന്റ്സ് നഷ്ടമാകില്ലേ? മോൾ അങ്ങനെ നിർബന്ധം പിടിക്കാൻ പാടുണ്ടോ എന്നൊക്കെ ആ സിസ്റ്റർ പറഞ്ഞു.
ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നെ, ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത്. ഇത് വ്യത്യസം ഉണ്ടെന്നുള്ളത്. എനക്ക് സങ്കടം വന്നിട്ടുണ്ടല്ലോ എനക്ക് അത് വിശ്വസിക്കാൻ പറ്റുന്നില്ല.. അതും ഒരു അദ്ധ്യാപിക അത് പറഞ്ഞത്. ഞാൻ വീട്ടിൽ പോയി ഭയങ്കര കരച്ചിലായിരുന്നു. എനക്ക് ഇനി ജീവിക്കണ്ട, എന്തിനാ എന്നെ ഇങ്ങനെ കറുത്തതായി പ്രസവിച്ചത് മമ്മി എന്നൊക്കെ പറഞ്ഞിട്ട് നല്ല കരച്ചിൽ..!
ആ സംഭവം ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നുണ്ട്. അതുപോലെ ഗർഭിണി ആയിരുന്നപ്പോഴും എന്റെ ടെൻഷൻ എന്റെ കുട്ടി കറുത്തിട്ടായിരിക്കുമോ എന്നായിരുന്നു. ഞാൻ അനുഭവിച്ചതെല്ലാം എന്റെ മോളും അനുഭവിക്കുമല്ലോയെന്ന് ഓർത്തിട്ടായിരുന്നു അത്..’,