തിരക്കഥാകൃത്തുക്കൾക്ക് പ്രചോദനമായി സ്വപ്നനേട്ടങ്ങൾ സ്വന്തമാക്കി മലയാളത്തിൽ ഒരു തിരക്കഥാകൃത്ത്. സംവിധായകൻ വൈശാഖിന്റെ പുതിയ ചിത്രം നൈറ്റ് ഡ്രൈവ്, സംവിധായകൻ എം പദ്മകുമാറിന്റെ പുതിയ ചിത്രമായ പത്താം വളവ് എന്നിവയുടെ തിരക്കഥ അഭിലാഷ് പിള്ളയെന്ന യുവ തിരക്കഥാകൃത്തിന്റേതാണ്. എന്നാൽ, മലയാളത്തിൽ അല്ല അഭിലാഷിന്റെ തുടക്കമെന്നതാണ് അതിലേറെ വിസ്മയകരം. തിരക്കഥാകൃത്ത് എന്ന നിലയിൽ തമിഴിലാണ് അഭിലാഷ് അരങ്ങേറ്റം കുറിച്ചത്. ആദ്യ തിരക്കഥ സംരംഭംമായ ‘കഡാവർ’ റിലീസിന് ഒരുങ്ങുകയാണ്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം അഭിലാഷ് പിള്ളയെന്ന ഈ ചോറ്റാനിക്കരക്കാരൻ ആണ് എഴുതിയത്.
അമല ഹോം പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് കഡാവർ. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അമല പോളാണ്. സംവിധായകൻ അനൂപ് പണിക്കരും താനും കഴിഞ്ഞ മൂന്നു വർഷമായി ഈ സിനിമയുടെ പിന്നാലെ ആയിരുന്നെന്നും ഒരു ഫോറൻസിക് സർജന്റെ ജീവിതവും കുറ്റാന്വേഷണവുമാണ് ചിത്രത്തിന്റെ തീം എന്നും അഭിലാഷ് വ്യക്തമാക്കുന്നു.
സിനിമയോടുള്ള താൽപര്യം മൂത്ത് ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ആളാണ് അഭിലാഷ്. സിനിമയ്ക്ക് കൂടുതൽ സമയം ലഭിക്കാൻ കൊച്ചി ഇൻഫോപാർക്കിലേക്ക് എത്തിയെങ്കിലും പിന്നാലെ അവിടുത്തെ ജോലിയും വിട്ടു. സിനിമാസംവിധാനം സാധ്യമാക്കി കൊടുത്തത് സംഗീതസംവിധായകൻ രാജാമണിയാണ്. സംവിധായകൻ അരുൺ ഗോപി ഉൾപ്പെടെ നിരവധി പേർ സഹായിച്ചെന്നും അഭിലാഷ് വ്യക്തമാക്കുന്നു. മലയാളത്തിലെ പ്രമുഖരായ രണ്ട് സംവിധായകർക്ക് ഒപ്പം സഹകരിക്കാൻ കഴിയുന്നതിന്റെ സന്തോഷം കഴിഞ്ഞദിവസം അഭിലാഷ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.