സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന കാലത്ത് ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം. സീറ്റ് നമ്പർ 32 എന്ന ഹ്രസ്വചിത്രം സൈബർ കാലത്തെ ചതിയുടെ വേറിട്ടൊരു കഥയാണ് പറയുന്നത്. ദിനേന മാധ്യമങ്ങളിൽ കാണുന്ന തരത്തിലുള്ള സൈബർ ക്രൈമുകളിലേക്കുള്ള ഒരു നോട്ടം കുടിയാണ് ഈ ചിത്രം. പ്രണയം നടിച്ചു പെൺകുട്ടികളെ പലവിധം ഉപയോഗിക്കുന്ന പല വാർത്തകളും ഓരോ ദിവസവും മാധ്യമങ്ങളിൽ വരുന്നുണ്ട്. കണ്ടു പിടിക്കപ്പെടുന്നതും അല്ലാത്തതുമായ നിരവധി കേസുകൾ ദിനംപ്രതി ഉണ്ടാകാറുണ്ട്. 2016ൽ വെറും 200 കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത്, വർഷം തോറും കൂടിക്കൂടി ഇപ്പോളത് 2021ൽ 903 കേസുകൾ വരെ എത്തി നിൽക്കുന്നുവെന്ന് കേരള പോലീസിന്റെ സൈബർ സ്റാറ്റിറ്റിക്സ് തന്നെ പറയുന്നു.
ഇതിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുമുണ്ട്. പെൺകുട്ടികൾ പഠനത്തിനും മറ്റു ആവശ്യങ്ങൾക്കുമായി ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരന്തരം യാത്ര ചെയ്യാറുണ്ട്. രാത്രികാലയാത്രയിൽ അവർ അറിയാതെ പെട്ടുപോകുന്ന കെണികളെക്കുറിച്ചും ചർച്ച ചെയ്യുകയാണ് ഈ ചിത്രം.
ശ്രീക്കുട്ടൻ എം ഷണ്മുഖൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ഒരു ബസ് യാത്രയെ ആസ്പദമാക്കിയാണ് ചിത്രം. ദിപേഷ്, ശ്രീക്കുട്ടൻ എം ഷണ്മുഖൻ എന്നിവർ ചേർന്നാണ് രചന. അനീഷ് രവിയാണ് നിർമാണം. ജെയിംസ് വർഗീസ്, അനിൽ നാരായണൻ, ശിവ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ക്യാമറ – വിഷ്ണു എം പ്രകാശ്, എഡിറ്റർ – ടിറ്റുസ് ജോസഫ്, സംഗീതം – നിപിൻ ബെസന്ത്.