ഭക്ഷണം നല്‍കുന്നതിനിടെ തെരുവ് നായയുടെ ആക്രമണത്തില്‍ സീരിയല്‍ നടിക്ക് ഗുരുതര പരുക്ക്. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്തയ്ക്കാണ് കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ഭരതന്നൂര്‍ മാര്‍ക്കറ്റിലും ജംഗ്ഷനിലുമായി അന്‍പതില്‍ അധികം തെരുവ് നായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട്. മാര്‍ക്കറ്റ് ഭാഗത്തുള്ള നായ്ക്കള്‍ക്ക് അഞ്ച് വര്‍ഷമായി ശാന്ത വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് ഇന്നലെ ആക്രമണം നടന്നത്. ഭക്ഷണം നല്‍കുന്നതിനിടെ ശാന്തയുടെ കൈയില്‍ നായ്ക്കള്‍ കടിച്ചുപറിക്കുകയായിരുന്നു. വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരുക്കേറ്റു. തുടര്‍ന്ന് ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തോളം പേരെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പേവിഷബാധയേറ്റുള്ള മരണങ്ങളും വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഇത്തരത്തില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, തെരുവ് നായ്ക്കളുടെ കടിയേറ്റാല്‍ സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തെരുവ് നായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.