മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ആയതിനെ തുടർന്ന് ജയിലിൽ ആയിരുന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോർട്ട് ജാമ്യം അനുവദിച്ചു. ഒക്ടോബർ മൂനിന്നാണ് ഒരു ക്രൂയിസ് ഷിപ്പ് പാർട്ടിയിൽ റെയ്ഡ് നടത്തിയപ്പോൾ ആര്യൻ ഖാൻ അറസ്റ്റിലായത്. ഇതിന് മുൻപ് രണ്ടു തവണ ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.
ആര്യന്റെ സുഹൃത്ത് അർബസ്സ് മെർച്ചന്റും അറസ്റ്റിലായിരുന്നു. അർബാസിന്റെ ഷൂവിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ആര്യൻ ഖാന് അറിയാമെന്നാണ് പ്രത്യേക ആന്റി-ഡ്രഗ്സ് കോടതി ജാമ്യം നിഷേധിച്ചപ്പോൾ ആദ്യം പറഞ്ഞത്. മൂന്ന് ദിവസം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുന്മുൻ ധമെച്ച എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഉത്തരവിന്റെ പൂർണരൂപം നാളെ മാത്രമേ ലഭ്യമാകൂ. അത് കിട്ടുന്നതിനനുസരിച്ച് നാളെയോ മറ്റന്നാളോ ആര്യൻ ഖാന് പുറത്തിറങ്ങാൻ സാധിക്കും. മുൻ അഡ്വക്കേറ്റ് ജനറലായിരുന്ന മുകുൾ റോഹ്തഗിയാണ് ആര്യൻ ഖാന് വേണ്ടി കോടതിയിൽ ഹാജരായത്. ആ ഷിപ്പിൽ 1300ഓളം പേരുണ്ടായിരുന്നുവെന്നും എന്നാൽ ആര്യനെയും അർബാസിനെയും മാത്രം ബന്ധപ്പെടുത്തി അന്വേഷണം വന്നത് തികഞ്ഞ ഗൂഢാലോചനയാണെന്ന് അദ്ദേഹം വാദിച്ചു.