കൊറോണ വൈറസ് കേരളത്തിൽ ഒന്നാകെ പടർന്നു പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി നടപടികൾ സ്വീകരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. അവരുടെ മാധ്യമശ്രദ്ധ നഷ്ടപ്പെടുന്നത് കൊണ്ടാണ് അവർ ഇങ്ങനെ പ്രതികരിക്കുന്നത് എന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രസംഗങ്ങൾ വളച്ചൊടിച്ച് ഒരു നാടകമാണ് അവർ കളിക്കുന്നതെന്നും ഷാൻ സൂചിപ്പിച്ചു. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് പറഞ്ഞ പ്രതിപക്ഷത്തോടുള്ള പ്രതികരണമാണ് ഷാൻ തന്റെ കുറിപ്പിൽ രേഖപ്പെടുത്തിയത്.
നിപ്പ വൈറസ് കാലത്ത് പ്രതിപക്ഷം ആർക്കും ശ്രദ്ധ നൽകാതെ ഒളിചോടിയപ്പോൾ അതിനെ നേരിടാൻ ആരോഗ്യ മന്ത്രിയും കൂട്ടരും ആയിരുന്നു ഉണ്ടായിരുന്നതെന്നും കുറിപ്പിൽ പറയുന്നു. ആ വൈറസ് നേരിടാൻ സാധിച്ചത് അത്രയ്ക്ക് കഴിവുള്ള ഒരു ആരോഗ്യമന്ത്രിയെ കേരളത്തിന് കിട്ടിയ കൊണ്ടാണെന്നും ഷാൻ പറയുന്നുണ്ട്. ലോകം മുഴുവൻ കേരളത്തെ ഉറ്റുനോക്കുകയാണെന്നും കേരളത്തിൽ നിന്നും പഠിക്കുകയാണെന്നും അത് കാണുമ്പോൾ പ്രതിപക്ഷത്തിന് സ്ഹിക്കാത്തത് അവരുടെ ജനശ്രദ്ധ കുറഞ്ഞു പോകുമോ എന്ന പേടി കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഒരു നാടകം കളിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശിക്കുന്നതെന്നും ഷൈലജ ടീച്ചർ പറഞ്ഞതുപോലെ ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാൻ റഹ്മാൻ പ്രതിപക്ഷത്തെ ഓർമ്മിപ്പിക്കുന്നു.