അന്തരിച്ച വിഖ്യാത ഗായിക ലത മങ്കേഷ്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെ അധിക്ഷേപിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ. ലത മങ്കേഷ്കർക്ക് വേണ്ടി ദുആ (പ്രാർത്ഥന) ചെയ്യുന്ന ഷാരൂഖിന്റെ ചിത്രം വൈറലായതോടെയാണ് ചിലർ വിമർശനവുമായി എത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് വലിയൊരു വിഭാഗം രംഗത്തെത്തിയത്.
ലത മങ്കേഷ്കർക്ക് അർപ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനിയും അദ്ദേഹത്തിനൊപ്പം നിൽക്കുന്നത് വൈറൽ ചിത്രത്തിൽ കാണാം. പുഷ്പാഞ്ജലി അർപ്പിച്ച ശേഷം ഷാരൂഖ് അവരുടെ പാദങ്ങളിൽ തൊട്ട് നമസ്കരിക്കുകയും ചെയ്തു. കൈ കൂപ്പി പൂജ ദദ്ലാനിയും കൈകളുയർത്തി ഷാരൂഖും നിൽക്കുന്ന ചിത്രത്തെ ‘മതേതര ഇന്ത്യയുടെ ചിത്രം’ എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്. അതിനിടെ ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി ചില വിദ്വേഷ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണം ചിലർ നടത്തുകയുണ്ടായി.
ലതാ മങ്കേഷ്കറുടെ ഭൗതികശരീരം ഇന്നലെ വൈകിട്ടാണ് സംസ്കരിച്ചത്. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.