ആഡംബരക്കപ്പലിലെ മയക്കുമരുന്ന് വേട്ടയുടെ പശ്ചാത്തലത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ എൻ സി ബി ചോദ്യം ചെയ്തെന്ന് റിപ്പോർട്ടുകൾ. ആര്യൻ ഖാനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി ആഢംബരക്കപ്പലിൽ നടന്ന റേവ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആര്യൻ ഖാനെതിരെ കേസ് എടുത്തിട്ടില്ലെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എൻ സി ബിയുടെ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
പത്തുപേരാണ് മുംബൈ തീരത്തെ ആഢംബരക്കപ്പലിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ പിടിയിലായത്. കോർഡീലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിൽ ആയിരുന്നു മയക്കുമരുന്ന വേട്ട നടന്നത്. പിടിയിലായവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എം ഡി എം എ എന്നിവയും പിടിച്ചെടുത്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. കപ്പലിൽ ഒരു സംഗീതപരിപാടി നടക്കുന്നതിനിടെ ആയിരുന്നു റെയ്ഡ്.
യാത്രക്കാരുടെ വേഷത്തിലാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച കപ്പലിൽ കയറിയത്. മുംബൈ തീരത്തു നിന്ന് കടലിന്റെ മധ്യത്തിൽ എത്തിയപ്പോൾ റേവ് പാർട്ടി ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിലാണ് പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്തത്. ഏഴു മണിക്കൂറോളം നേരം നീണ്ടുനിന്ന റെയ്ഡിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യൻ ഖാന്റെ ഫോൺ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.