മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനസിലേക്ക് ശാലു കുര്യൻ നടന്നു കയറിയത് വില്ലത്തി ആയാണ്. ചന്ദനമഴ എന്ന സീരിയലിലെ വില്ലത്തിയെ തേടി പിന്നീട് നിരവധി സീരിയലുകളിൽ അവസരങ്ങൾ എത്തി. സൂര്യ ടിവിയിലെ ഒരു ഹൊറർ പരമ്പരയിൽ ആദ്യം അഭിനയിച്ചതിനു ശേഷം തിങ്കളും താരകങ്ങളും എന്ന പരമ്പരയിൽ അഭിനയിച്ചു. നിലവിൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് താരം.
കോവിഡ് സമയത്ത് ശാലുവിനും ഭർത്താവ് മെൽവിനും ഒരു കുഞ്ഞ് പിറന്നത്. അലിസ്റ്റർ മെൽവിൻ എന്നായിരുന്നു കുഞ്ഞിന്റെ പേര്. ഗർഭിണി ആയപ്പോൾ സ്ക്രീനിൽ നിന്ന് കുറച്ചു കാലത്തേക്ക് മാറിനിന്ന ശാലു ഇപ്പോൾ വീണ്ടും സജീവമാണ്. പ്രസവശേഷം എങ്ങനെയാണ് തടി കുറച്ചതെന്ന് വ്യക്തമാക്കുകയാണ് ശാലു. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ ശാലു പറഞ്ഞത്. ഡയറ്റീഷ്യനെ ഒപ്പം ഇരുത്തിയുള്ള വീഡിയോ പങ്കു വെച്ചാണ് ശാലു ആ രഹസ്യം വെളിപ്പെടുത്തിയത്.
ജോ ഫിറ്റ്നസ്സ് ന്യൂട്രീഷന്‍ ആന്റ് വെല്‍നസ്സില്‍ ആണ് തടി കുറയ്ക്കുന്നതിനായി ചേർന്നത്. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുട്ടിയുടെ ആരോഗ്യം കൂടെ കണക്കിൽ എടുത്തായിരുന്നു ഡയറ്റ്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു. 78 കിലോ ഉണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തിച്ചെന്നും ശാലു വ്യക്തമാക്കി. നേരത്തെ കാല് വേദനയും മുട്ടു വേദനയും ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും ശാലു വ്യക്തമാക്കി.