മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും നല്ല അച്ഛൻ മകൻ ബന്ധം അവതരിപ്പിച്ചിട്ടുള്ളത് മോഹൻലാൽ തിലകൻ കൂട്ടുകെട്ടാണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.കിരീടം, ചെങ്കോൽ, പവിത്രം, സ്ഫടികം, മിന്നാരം, നരസിംഹം, ഇവിടം സ്വർഗ്ഗമാണു തുടങ്ങിയ ചിത്രങ്ങൾ ഇതിന് തെളിവാണ്. അച്ഛൻ-മകൻ ബന്ധം അല്ലെങ്കിൽ കൂടി ഇവർ ഒന്നിച്ചാൽ അത് മലയാളികൾക്ക് ആവേശമുണർത്തുന്ന ഒന്നായിരിക്കും.നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, നാടോടി കാറ്റ്, ഉണ്ണികളേ ഒരു കഥ പറയാം, നാടു വഴികൾ, കിലുക്കം, സന്മനസ്സുള്ളവർക്ക് സമാധാനം, സദയം, കളിപ്പാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒന്നിച്ചുള്ള പ്രകടനങ്ങളും നാം കണ്ടിട്ടുണ്ട്.
മലയാള സിനിമ രംഗത്ത് തന്നോട് ഏറ്റവും അധികം സ്നേഹം കാണിച്ചിട്ടുള്ളത് മോഹൻലാൽ ആണെന്നും മോഹൻലാൽ തനിക്ക് സ്വന്തം മകനെ പോലെ ആണെന്നും തിലകൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനോട് അച്ഛന് മോഹൻലാലിനോടുള്ള ഇഷ്ടം കണ്ട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന് ഒരു ആരാധകൻ ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. “തോന്നിയിട്ടുണ്ട്. അച്ഛനാണെ സത്യം. അത് ഞാൻ ജില്ലാ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ അദ്ദേഹത്തിനെ ബോധ്യപ്പെടുത്തിയപ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞത് ഞാൻ കണ്ടതുമാണ്”.