മലയാളസിനിമയിൽ പതിനഞ്ച് അംഗ മാഫിയസംഘമുണ്ടെന്നും അതിൽ നടൻമാരും സംവിധായകരുമുണ്ടെന്നും ഷമ്മി തിലകൻ. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ മാഫിയാസംഘങ്ങളെക്കുറിച്ച് ഷമ്മി തിലകൻ വെളിപ്പെടുത്തിയത്. അടുത്ത ഭരണസമിതിക്കുള്ള ലിസ്റ്റിൽ നിന്നും ഇദ്ദേഹത്തിന്റെ നോമിനേഷൻ തള്ളപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത വിമർശനവുമായി ഷമ്മി തിലകൻ എത്തിയത്.
ഇതിന്റെ പിന്നാലെ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഷമ്മി തിലകൻ മനസ് തുറന്നത്. അമ്മയിലെ മാഫിയാസംഘങ്ങൾ ഏതൊക്കെയാണെന്ന് അവതാരകൻ ചോദിക്കുമ്പോൾ ആ ചോദ്യം ചോദിക്കേണ്ടത് സർക്കാരിനോടാണ് എന്നാണ് അദ്ദേഹം പറയുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈയിൽ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൃത്യമായി കൊടുത്തിട്ടുണ്ടെന്നും 15 അംഗങ്ങളുടെ പേര് അതിൽ പരാമർശിച്ചിട്ടുണ്ടെന്നും ഷമ്മി തിലകൻ വ്യക്തമാക്കുന്നു. അവർക്കെതിരെയുള്ള ചാറ്റിംഗ് സ്ക്രീൻ ഷോട്ടുമുണ്ട്. അതിൽ സ്ത്രീപീഡനം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ഷമ്മി തിലകൻ വ്യക്തമാക്കുന്നു.
മാഫിയാസംഘത്തിൽ സംവിധായകരും നടൻമാരും ഉണ്ട്. ഇക്കാര്യം സംബന്ധിച്ച് സർക്കാരിനോട് എന്തുകൊണ്ടാണ് ചോദിക്കാത്തത്. ഒരു കമ്മീഷനെ നിയമിക്കുന്നത് എത്രയോ ലക്ഷം രൂപ മുടക്കിയാണ്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിട്ടാൽ പ്രശ്നം തീരില്ലേയെന്നും എന്നാൽ അത് പുറത്തു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവ് സഹിതമുള്ള റിപ്പോർട്ട് ആണ് അത്. റിപ്പോർട്ട് തന്റ കൈയിലും ഇല്ല. അത് ആരൊക്കെയാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.