മലയാള സിനിമയുടെ അഭിമാനസ്തൂപമായി എന്നും നിലകൊള്ളുന്ന വ്യക്തിപ്രഭാവമാണ് ശ്രീ പ്രേം നസീർ. അദ്ദേഹത്തിന് വേണ്ടി ഡബ് ചെയ്യുക എന്നത് പോലും വളരെയേറെ അനുഗ്രഹീതവും വെല്ലുവിളി നിറഞ്ഞതുമാണ്. അതിന് സാധിച്ചിട്ടുള്ള വ്യക്തിയാണ് നടൻ കൂടിയായ ഷമ്മി തിലകൻ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…
അന്യ ഭാഷയിൽ നിന്നുള്ള നടീനടന്മാർക്ക് ഡബ്ബ് ചെയ്യുന്നത് സർവ്വസാധാരണമാണ്. അനേകം നടന്മാർക്ക് ശബ്ദം നൽകാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സർക്കാരിൻറെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജോഷിസാർ, ജിജോ, രാജീവ് കുമാർ, ശ്രീകുമാർ മേനോൻ തുടങ്ങിയ സംവിധായകർ തങ്ങളുടെ ചില ചിത്രങ്ങളിൽ ഡബ്ബിങ്ങിന്റെ മേൽനോട്ടം എന്നെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ട്..!
എൻറെ അനുഭവത്തിൽ, എൻറെ തന്നെ ശബ്ദത്തിൽ അല്പസ്വല്പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, സമൂഹത്തിൽ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
കടത്തനാടൻ അമ്പാടി എന്ന ചിത്രത്തിൽ അനശ്വര നടൻ പ്രേംനസീറിന് അദ്ദേഹത്തിന്റേത് തന്നെ എന്ന് തോന്നും വിധത്തിൽ ശബ്ദം അനുകരിച്ച് നൽകിയത് ഞാനായിരുന്നു. പ്രേംനസീറിന്റെ ശബ്ദം അനുകരിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച അനേകം മിമിക്രി താരങ്ങളെയും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അദ്ദേഹത്തിൻറെ ‘അപരനായ’ ജയറാമിനെയും പരീക്ഷിച്ച് തൃപ്തിയാകാതായ ശേഷമാണ് ആ ദൗത്യം എന്നെ ഏൽപ്പിച്ചത്..! നസീർ സാറിൻറെ മാധുര്യമുള്ള ആ ശബ്ദത്തിനോട് ഒരു ഏകദേശ സാമ്യം വരുത്തുവാൻ മാത്രമേ എനിക്കും കഴിഞ്ഞിട്ടുള്ളൂ. ഇത്രയെങ്കിലും എനിക്ക് സാധിച്ചത് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഹരികുമാർ എന്ന് റിക്കോർഡിസ്റ്റിന്റെ കൂടി കഴിവിന്റെ പിൻബലത്തിലാണ്.