ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന ‘തലൈവി’യില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഷംന കാസിം. താരം തന്നെയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്. ചിത്രത്തില്‍ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായ ശശികലയുടെ വേഷത്തിലാകും ഷംന എത്തുകയെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ജയലളിതയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
എ.എല്‍.വിജയ് ഒരുക്കുന്ന ‘തലൈവി’ എന്ന ചിത്രത്തിന്റെ ഭാഗമാണ് താനും എന്നറിയിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും ഉരുക്കുവനിതയായ ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ കങ്കണ റണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് വിലപ്പെട്ട ഒരു അവസരമായി കരുതുന്നു എന്നുമാണ് ഷംന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കെ.വി. വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്ധന് ഇന്ദൂരി, ശൈലേഷ് ആര് സിങ് എന്നിവര്‍ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. നീരവ് ഷാ ഛായാഗ്രഹണവും ജി.വി.പ്രകാശ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കുന്നത് മദന്‍ കര്‍കിയാണ്.