ജയസൂര്യ നായകനായ രഞ്ജിത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരേപോലെയുള്ള അംഗീകാരം നേടി മുന്നേറുകയാണ്. ചിത്രം കണ്ടിറങ്ങിയ പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിമിനും പറയുവാൻ ഏറെയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ട തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെയാണ് ചിത്രത്തിലൂടെ കാണാൻ സാധിച്ചതെന്ന് മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിൽ ഷംന പറഞ്ഞു.
“മേരിക്കുട്ടിയെ കണ്ട് ഇറങ്ങിയ പാടെ ഞാൻ വിളിച്ചത് ജാനുവിനെ (ജാൻമണി) ആണ്. എനിക്കവരെ കെട്ടിപ്പിടിക്കാൻ തോന്നി. ഞാനവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഉറക്കെ പറയാൻ തോന്നി. ജാനു എന്റെ അടുത്ത സുഹൃത്താണ്…എനിക്ക് എന്റെ സഹോദരിയെപ്പോലെയാണ്. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരിയുള്ള ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാം. ഈ സിനിമയിൽ പലയിടങ്ങളിലും എനിക്ക് ജാനുവിനെ അനുഭവിക്കാൻ കഴിഞ്ഞു.”
മേരിക്കുട്ടിയായി അഭിനയിച്ച ജയസൂര്യയുടെ അഭിനയത്തെയും കുറിച്ച് ഷംന ഏറെ അത്ഭുതത്തോടെയാണ് പറഞ്ഞത്. “ജയേട്ടൻ വലിയൊരു മനുഷ്യനാണ്. ജയസൂര്യ എന്ന ‘നടൻ’ ആണ് മേരിക്കുട്ടിയിൽ അഭിനയിച്ചതെന്ന് ഒരിക്കലും തോന്നില്ല. താനൊരു നായകനാണ്, പുരുഷനാണ് എന്നൊക്കെയുള്ള ചിന്ത ജയേട്ടൻ മറികടന്നിട്ടുണ്ട്. വളരെ സൂക്ഷ്മമായ അഭിനയത്തിന്റെ തലങ്ങളുണ്ട് ആ കഥാപാത്രത്തിൽ. മേരിക്കുട്ടിയിൽ ഉടനീളം ഈ സൂക്ഷ്മത ചോരാതെയാണ് ജയേട്ടൻ അഭിനയിച്ചിരിക്കുന്നത്. അതിൽ അമിതാഭിനയം ഇല്ല. സിനിമ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം മേരിക്കുട്ടി യഥാർത്ഥത്തിൽ ഷീറോ ആയതുകൊണ്ടാണ്.”