നടി ഷംന കാസിമിന് മുടി മുറിച്ചതോട് കൂടി ആരാധകരുടെ എണ്ണം ഏറിയിരിക്കുകയാണ്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗിൽ ആ ഒരു ഹെയർ സ്റ്റൈലിൽ നീന എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഷംന എത്തുന്നത്. തന്റെ പുതിയ ഹെയർ കട്ടിനെ കുറിച്ച് ഷംന സംസാരിക്കുന്നു.
“ഇങ്ങനെയൊരു ഹെയർ കട്ട് ഞാൻ ഏറെ സ്വപ്നം കണ്ടിരുന്നു. മുടി വെട്ടുന്നത് അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്താൻ ഞാൻ ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. മുടി മുറിച്ചാൽ എന്നോട് മിണ്ടില്ലെന്ന് പറഞ്ഞ് അമ്മ ബ്ലാക്മെയിൽ വരെ ചെയ്തു..! തമിഴ് ചിത്രം കൊടി വീരന്റെ ഓഫർ വന്നപ്പോൾ എന്റെ സഹോദരി ഷൈനിയാണ് മുടി വെട്ടാനുള്ള ആത്മവിശ്വാസം തന്നത്. ‘തലയുടെ കാര്യമല്ലല്ലോ, മുടിയുടെ കാര്യമല്ലേ? അത് തനിയെ വളർന്നോളും’ എന്നാണ് ഷൈനി പറഞ്ഞത്.” ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഷംന പറഞ്ഞു.
“തല മൊട്ടയടിച്ചപ്പോൾ ഞാൻ സ്ഥിരമായി കണ്ണാടി നോക്കുമായിരുന്നു. ആ ലുക്ക് എനിക്കേറെ ഇഷ്ടപ്പെട്ടിരുന്നു. കൂടാതെ അത് എന്റെ ആത്മവിശ്വാസവും വർധിപ്പിച്ചു. ഇപ്പോൾ ലൊക്കേഷനിലും പുറത്തും എന്റെ ഹെയർ കട്ടിന് ആരാധകരാണ്. ഇനി മുടി വളർത്തേണ്ട എന്നാണ് എല്ലാവരുടെയും അഭിപ്രായം. അമ്മ പോലും ഇപ്പോൾ ചോദിക്കുന്നത് ‘മുടി മുറിക്കുന്നില്ലേ’ എന്നാണ്..!” ഷംന കൂട്ടിച്ചേർത്തു.