വിവാദങ്ങളുടെ കാർമേഘങ്ങൾ ചുറ്റിക്കറങ്ങിയ ഷെയിൻ നിഗം ചിത്രം വെയിലിന്റെ ഷൂട്ട് പൂർത്തിയായി. നിർമാതാവ് ജോബി ജോർജ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഷെയ്ന് ഒപ്പമുള്ള ഒരു ചിത്രം പങ്ക് വെച്ചാണ് വെയിൽ ചിത്രീകരണം പൂർത്തിയായതെന്ന് ജോബി ജോർജ് കുറിച്ചത്.
ഇന്ന് വെയിൽ പൂർണമായും ചിത്രീകരണം തീർന്നു.. കാർമേഘങ്ങൾ ഒഴിഞ്ഞു പോയി.. ഇ വെയിൽ പൂർണ്ണ ശോഭയിൽ തെളിയും നിങ്ങൾക്കു മുൻപിൽ ഉടൻ.
നിരവധി സൂപ്പർഹിറ്റുകൾ മലയാളത്തിൽ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശരത് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഷെയ്ൻ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുടയുടെ പശ്ചാത്തലത്തിൽ ആണ് കഥ പുരോഗമിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിലെ സംഗീത സംവിധായകൻ. കബാലിയിലെ മായാനദി, കാലയിലെ കണ്ണമ്മാ എന്നീ ഗാനങ്ങൾ ആലപിച്ച് പ്രശസ്തനാണ് പ്രദീപ്കുമാർ. ചുരുക്കം ചില വേഷങ്ങളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷെയ്ൻ നിഗം.