മലയാള സിനിമയിൽ ഇന്ന് വളരെ തിരക്കുള്ള ഒരു യുവനടനാണ് ഷെയിൻ നിഗം. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഷെയിൻ നിഗത്തിന്റെ നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറെടുക്കുന്നത്. അഭിനയത്തോടൊപ്പം ഡാൻസും സംഗീതവും കൈകാര്യം ചെയ്യുന്ന ഷെയിൻ നിഗത്തിന് സിനിമയിൽ പാടാനും ആഗ്രഹമുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“നായകനായി മാത്രമേ അഭിനയിക്കൂ എന്നൊന്നും എനിക്ക് വാശിയില്ല. വേറിട്ട കഥാപാത്രങ്ങളിലൂടെ എന്നിലെ അഭിനേതാവിനെ കണ്ടെത്താൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു നെഗറ്റീവ് റോളിന്റെ ഓഫർ വന്നാൽ എനിക്ക് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം കൂടിയുണ്ടെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്യും. അത് മാത്രമല്ല, വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങൾ ചെയ്യുവാനും എനിക്കിഷ്ടമാണ്.” ഷെയിൻ നിഗം പറഞ്ഞു.
അഭിനയത്തിനും ഡാൻസിനും പുറമേ സംഗീതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് ഷെയ്ൻ. അവസരം കിട്ടിയാൽ സിനിമക്ക് വേണ്ടി പാടുവാനും ആഗ്രഹമുണ്ട്, അത് താൻ ശരിക്കും ആസ്വദിക്കുകയും ചെയ്യുമെന്ന് ഷെയ്ൻ കൂട്ടിച്ചേർത്തു.