നടന് ഷെയ്ന് നിഗത്തിന് നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങാനുള്ള വഴി തെളിയുകയാണ്. വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തില്‍ ഷെയ്നുമായി പ്രശ്നം ചര്‍ച്ച ചെയ്യുകയും പ്രശ്നങ്ങള്‍ തീര്‍ന്നതായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. ‘ഉല്ലാസം’ സിനിമയുടെ ഡബിങ് ഉടന്‍ പൂര്‍ത്തിയാക്കാനും മുടങ്ങിയ ‘വെയില്’, ‘കുര്‍ബാനി’ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനും നടനോട് ‘അമ്മ’ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അമ്മ ഭാരവാഹികള്‍തന്നെ നിര്‍മാതാക്കളെ അറിയിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ‘ഉല്ലാസം’ ഡബ് ചെയ്ത് നല്‍കാതെ ഒഒരുവിധത്തിലുള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.
‘വെയില്’, ‘കുര്‍ബാനി’ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ‘ഉല്ലാസം’ സിനിമ ഡബ് ചെയ്ത് കൊകൊടുക്കാത്തതിന്റെ കാരണങ്ങള്‍ തുടങ്ങിയവ ഷെയ്നില്‍നിന്ന് ഭാരവാഹികള്‍ യോഗത്തിൽ ചോദിച്ചറിയുകയുണ്ടായി. നിര്‍മാതാവ് ജോബി ജോര്‍ജില്‍നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഷെയ്ന് നിഗം ഒക്ടോബര്‍ 15ന് ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത് സിനിമരംഗത്ത് അവസാനിക്കാത്ത വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിമരുന്നിട്ടത്.
ഷൂട്ടിങ് സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗംപോലുള്ള വിവാദ പ്രസ്താവനകളിലേക്കും തര്‍ക്കം നീണ്ടിരുന്നു. യോഗത്തില്‍ ഇതും ചര്‍ച്ചയായിട്ടുണ്ടെന്നാണ് സൂചന