മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവഹിച്ച അഞ്ചാം പാതിര ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസ നേടിയ ചിത്രമാണ്. മലയാളത്തിൽ ഈ ഇടയ്ക്ക് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ ചിത്രമാണ് അഞ്ചാം പാതിര. ചിത്രത്തിൽ ക്രിമിനൽ സൈക്കോളജിസ്റ്റിന്റെ വേറിട്ടൊരു വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന ആളുകൾ ഷറഫുദ്ദീന്റെ കഥാപാത്രത്തെയും ഏറെ പ്രശംസിച്ചിരുന്നു. നിവിൻ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു ഷറഫുദ്ദീൻ അവതരിപ്പിച്ച ഗിരിരാജൻ കോഴി.
അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന ഷറഫുദ്ദീൻ തന്നെയാണോ അഞ്ചാം പാതിരയിൽ ഡോ ബെഞ്ചമിൻ ലൂയിസ് എന്ന സൈക്കോ കില്ലറായി വന്നതെന്ന അതിശയം ഇപ്പോഴും ആരാധകരിൽ നിന്നും വിട്ടുമാറിയിട്ടില്ല. സിനിമയിൽ ബെഞ്ചമിൻ പറഞ്ഞ പല ഡയലോഗുകളും ഇന്നും ആരാധകർ നെഞ്ചിലേറ്റുന്നുണ്ട്. ഇപ്പോൾ ലോക് ഡൗൺ കാലമായതിനാൽ സിനിമാചർച്ചകൾ എല്ലാം പൊടിപൊടിക്കുന്നുണ്ട്. ഇപ്പോൾ ഷറഫുദ്ദീൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്. ലാപ്ടോപ്പ് മുമ്പിലിരിക്കുന്ന ഷറഫുദ്ദീന്റെ തോളിൽ അദ്ദേഹത്തിന്റെ മകളുമുണ്ട്. ‘സാറേ ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീൻ ഫെയ്സ്ബുക്കിൽപോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം ശ്രദ്ധേയമാവുകയാണ്.