കോവിഡ് പ്രതിസന്ധി മൂലം തകർച്ച നേരിട്ട കേരളത്തിലെ തീയറ്റർ വ്യവസായത്തിന് പുനർജീവനേകി തീയറ്ററുകൾ വീണ്ടും തുറന്നിരിക്കുകയാണ്. ആദ്യ മലയാളം റിലീസായി പ്രദർശനത്തിനെത്തിയ സ്റ്റാറിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. തീയറ്റർ അനുഭവം തിരിച്ചുതരുവാൻ സഹായിച്ച ചിത്രത്തിന് നന്ദി പറഞ്ഞ പ്രേക്ഷകർ ചിത്രം നല്ളൊരു സന്ദേശവും സമൂഹത്തിന് നൽകുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായിക ഷീലു എബ്രഹാം. ‘സ്റ്റാർ സിനിമയെ സപ്പോർട്ട് ചെയ്തവർക്കും , അഭിനന്ദിച്ചവർക്കും , സത്യസന്ധമായി വിമർശിച്ചവർക്കും നന്ദി’ എന്നാണ് താരം കുറിച്ചത്.
ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡോമിന് ഡി സില്‍വയാണ് സ്റ്റാർ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്. ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലറാണ് ചിത്രം. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ, അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.