പ്രഖ്യാപനം വന്നതു മുതൽ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം കനത്ത ഡീഗ്രേഡിംഗിന് വിധേയമാകുകയും ചെയ്തു. എന്നാൽ പിന്നീട് സിനിമ കണ്ടിറങ്ങിയവർ തന്നെ പോസിറ്റീവ് റിവ്യൂ പറഞ്ഞു തുടങ്ങിയതോടെ സിനിമ അതിന്റെ യഥാർത്ഥ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തു.
ഇപ്പോൾ സിനിമയ്ക്ക് എതിരെ ഉയർന്നുവന്ന ഡീഗ്രേഡിംഗിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടുമെന്ന് ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷിബു ബേബി ജോൺ പറഞ്ഞു. മോശം പടമാണെന്ന് ബോധപൂർവം ചിലർ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു ഷിബു ബേബി ജോൺ ഇങ്ങനെ പറഞ്ഞത്. ‘നല്ലൊരു പ്രോഡക്ട് ആണ് ഈ സിനിമ. ഇന്ത്യയിലെ തന്നെ നമ്പർ വൺ റിവ്യൂവർ വാലിബനെക്കുറിച്ച് നല്ലത് പറഞ്ഞു. ഇന്നലെ അനുരാഗ് കശ്യപ് സംസാരിച്ചു. സിനിമാ പ്രേക്ഷകർ എന്നുള്ള നല്ലൊരു വിഭാഗം ഭയങ്കരമായി പ്രശംസിച്ച ഒരു സിനിമയെ കുറിച്ചാണ് കൊള്ളില്ല എന്ന പ്രയോഗം വന്നത്. പ്രതീക്ഷയ്ക്ക് അനുസരിച്ച് വന്നില്ലായെന്ന് പറയാം. പക്ഷെ
അത് മോശം പടമാണെന്ന് ചിലർ ബോധപൂർവം പറഞ്ഞു. ആദ്യത്തെ ദിവസത്തിന്റെ സെക്കൻഡ് ഷോ മുതൽ അഭിപ്രായങ്ങൾ മാറി. എത്ര ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചാലും യഥാർത്ഥ സിനിമ പ്രേമികൾക്ക് മലൈക്കോട്ടൈ വാലിബൻ ഇഷ്ടപ്പെടും. ഇഷ്ടമാവുന്നു എന്നതിൽ സന്തോഷവുമുണ്ട്’ ഷിബു ബേബി ജോൺ പറഞ്ഞു.
ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററില്‍ എത്തിയത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍, മനോജ് മോസസ് എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.