ആരാധകർ ഏറെ സ്നേഹത്തോടെ ശിവണ്ണ എന്ന് വിളിക്കുന്ന കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറിന്റെ ഗോസ്റ്റ് എന്ന ചിത്രം നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും ഇന്ത്യ ഒട്ടാകെ സഞ്ചരിക്കുകയാണ്. ഇപ്പോഴിതാ പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് ഇടയിൽ മലയാളികളുടെ സ്വന്തം ലാലേട്ടനെ കുറിച്ച് ശിവണ്ണ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. രജനികാന്ത് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിൽ ഇരുവരും അഭിനയിച്ചിരുന്നു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു താരമാണ് ലാലേട്ടൻ എന്ന് വെളിപ്പെടുത്തിയ ശിവണ്ണ ലാലേട്ടൻ എല്ലാവരോടും ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുന്ന വ്യക്തിയാണ് എന്നും കൂട്ടിച്ചേർത്തു. അച്ഛനെ കാണുവാൻ എത്തുമ്പോൾ ഞങ്ങൾ സ്ഥിരം കാണാറുണ്ടെന്നും മോഹൻലാൽ വന്നിട്ടുണ്ടെങ്കിൽ അച്ഛൻ ഞങ്ങളെ വിളിച്ചു വരുത്തുമെന്നും ശിവണ്ണ പറഞ്ഞു. കന്നഡ ചലച്ചിത്ര ലോകത്തെ പ്രശ്സതനായിരുന്നു ശിവ രാജ്കുമാറിന്റെ അച്ഛൻ ഡോ. രാജ്കുമാർ. ഈ അടുത്ത് അന്തരിച്ച നടൻ പുനീത് രാജ്കുമാർ ശിവണ്ണയുടെ അനുജനാണ്.
എം ജി ശ്രീനിവാസ് സംവിധാനം നിർവഹിക്കുന്ന ഗോസ്റ്റ് ഒരു ഹൈസ്റ്റ് ആക്ഷൻ ത്രില്ലറാണ്. ശിവ രാജ്കുമാറിനൊപ്പം ജയറാം, അനുപം ഖേർ, പ്രശാന്ത് നാരായണൻ, സത്യാ പ്രകാശ്, അർച്ചന ജോയ്സ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറാണ് ശിവണ്ണയുടെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. അതേ സമയം മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ശിവണ്ണ അഭിനയിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.