ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ശിവദ. വിവാഹത്തിനുശേഷം താരങ്ങളെല്ലാം അഭിനയജീവിതത്തിൽ നിന്നും ഒരു ഇടവേള എടുക്കാറുണ്ട്. ചില താരങ്ങൾ വർഷങ്ങൾക്കു ശേഷം അഭിനയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരവ് നടത്തും. എന്നാൽ ചിലരാകട്ടെ അതിനെ പറ്റി ചിന്തിക്കാറു പോലുമില്ല. എന്തിരുന്നാലും ആരാധകർ അവർ എപ്പോഴാണ് തിരിച്ചുവരുന്നത് എന്ന് ചോദിച്ചു കൊണ്ടിരിക്കും. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെ പറ്റിയും അതിനുശേഷമുള്ള അഭിനയ ജീവിതത്തെ പറ്റിയും ശിവദ തുറന്നുപറയുകയാണ്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുക്കുവാൻ തനിക്ക് തോന്നിയില്ല എന്നാണ് താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ:
മലയാളത്തിലേക്കുള്ള വരവും വിവാഹവും ഒരുമിച്ചായിരുന്നു. വിവാഹം സിനിമയിൽ നിന്ന് വിരമിക്കാനുള്ള ഉടമ്പടിയല്ലല്ലോ. അല്ലെങ്കിലും സർക്കാർ ജീവനക്കാരെപ്പോലെ വിരമിക്കുന്നവരല്ല താരങ്ങൾ. അങ്ങനെയൊരു കാര്യം അവരുടെ കരിയറിൽ ഒരിക്കലുമില്ല. എപ്പോൾ വിരമിക്കണമെന്ന് താരങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരുബ്രേക്ക് ആവശ്യമാണെന്ന് തോന്നിയാൽ മാത്രം എടുക്കുക. അല്ലെങ്കിൽ ഇതേ താളത്തിൽ മുന്നോട്ട്പോകുക. ഞാൻ അങ്ങനെയാണ്.
നമ്മുടെ പല നടിമാരും വിവാഹശേഷം സിനിമയിൽ നിന്ന് പിൻവാങ്ങി. അതിന് പലരും പറയുന്നത് വിവാഹശേഷം തങ്ങൾക്ക് ഒരു ബ്രേക്ക്വേണമെന്നാണ്. എന്തിനാണ് അങ്ങനെയൊരു ബ്രേക്ക്. ഞാൻ വിവാഹത്തിനു മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. ഒരു മാറ്റവുമില്ല. നാളെയും അങ്ങനെ തന്നെ ആയിരിക്കും. കല്യാണത്തിനു മുമ്പ് എന്റെ അച്ഛനും അമ്മയുമായിരുന്നു എനിക്ക് സപ്പോർട്ട്. ഇപ്പോൾ അവരുടെ കൂടെ മുരളിയും മുരളിയുടെ അച്ഛനും അമ്മയും ഉണ്ട് .
ഇന്നുവരെ ഒരു തരത്തിലുള്ള നിബന്ധനയും വീട്ടിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. ഒരാഴ്ചത്തെ ലീവ്പോലും എടുത്തില്ല. അല്ലെങ്കിലും സിനിമയിൽ എവിടുന്ന് ലീവ് കിട്ടാനാ? മധുവിധു ആഘോഷിക്കാൻ പോലും കഴിഞ്ഞില്ല. എനിക്ക് ചെറിയ ടെൻഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. മുരളി എന്തു വിചാരിക്കും? പക്ഷേ വളരെ സന്തോഷത്തോടെ മുരളി എന്നെ യാത്രയാക്കി . വീട്ടുകാരും വളരെ സന്തോഷത്തിലായിരുന്നു.