കല – സാംസ്കാരിക രംഗത്തെ പലരുടേയും യഥാർത്ഥ ജീവിതത്തെ തുറന്ന് കാണിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ മോഹൻലാൽ അവതാരകനായ ഈ റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വമ്പൻ വിജയമായിരുന്നു. അതിലെ പ്രകടനം കൊണ്ട് പലരുടെയും ജീവിതം തന്നെ മാറി മറിഞ്ഞു. അത്തരത്തിൽ ജീവിതം മാറി മറിഞ്ഞ ഒരാളാണ് മോഡലും നടനുമായ ഷിയാസ് കരീം. ചുരുങ്ങിയ സമയം കൊണ്ടാണ് യുവാക്കളുടെ ഇടയിൽ ഷിയാസ് കരീം താരമായത്. ബിഗ് സ്ക്രീനിൽ നിന്നും നിരവധി ഓഫറുകളാണ് ഷിയാസിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് ബിഗ് ബോസ്സ് എന്ന് തുറന്നു പറഞ്ഞ ഷിയാസ് തന്നെ തിരിച്ചറിയാൻ ലഭിച്ച ഒരിടമാണ് ബിഗ് ബോസ്സെന്നും തുറന്നു പറഞ്ഞു. പുതിയ സീസണിലെ മത്സരാർത്ഥികളോട് അവരുടെ ഇമോഷൻസ് ഒരിക്കലും ഒളിപ്പിച്ചു വെക്കരുതെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. ദേഷ്യം വന്നാൽ ദേഷ്യപ്പെടുക, കരയാൻ തോന്നിയാൽ കരയുക. ഹൗസിലെ എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുക. അപ്പോൾ ഹൗസിലെ ഓരോ നിമിഷവും കൂടുതൽ ആസ്വാദ്യകരമാകുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ടിക്ടോക് താരം ഫുക്രു എന്ന് അറിയപ്പെടുന്ന കൃഷ്ണജീവ് പുതിയ സീസണിൽ മത്സരിക്കാൻ യോഗ്യൻ ആണെന്നാണ് ഷിയാസിന്റെ പക്ഷം. ഹൗസിനെ മുഴുവൻ ജീവസുറ്റതാക്കാൻ ഫുക്രുവിന്റെ സാന്നിദ്ധ്യം സഹായകരമാക്കുമെന്നാണ് ഷിയാസിന്റെ അഭിപ്രായം.