നവാഗത സംവിധായകൻ ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2018 ഡിസംബർ 14 ന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. 2018ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വിജയാഘോഷം മോഹൻലാലും സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മറ്റ് ഒടിയൻ സിനിമ പ്രവർത്തകരും എല്ലാവരും ചേർന്ന് 2019 സെപ്റ്റംബർ 21ന് നടത്തി. ഒടിയൻ വിജയിച്ചതിന്റെ പുരസ്കാരദാനവും അന്ന് അരങ്ങേറിയിരുന്നു.
കുറെ നന്മകൾ സമ്മാനിച്ച ഈ ചിത്രം തന്റെ ജീവിതവീക്ഷണം വരെ മാറ്റിമറിച്ചു എന്നും മോഹൻലാൽ അന്ന് വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ റെക്കോർഡ് നേടിയ ഈ ചിത്രമാണ് മലയാളത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട ചിത്രമെന്നും താനാണ് ഏറ്റവും വിമർശിക്കപ്പെട്ട സംവിധായകൻ ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രതിസന്ധികളെ എല്ലാം ഒടിയൻ തരണം ചെയ്തുവെന്നും വളരെയധികം സാറ്റിസ്ഫാക്ഷൻ നൽകുന്ന ഒരു ചിത്രമായിരുന്നു ഇതെന്നും സംവിധായകൻ പറയുന്നു. ചിത്രത്തിനെതിരെ കടുത്ത ഡീഗ്രേഡിങ് നടന്നിട്ടും മോഹൻലാൽ ചിത്രം ചരിത്ര വിജയം കൈവരിച്ചു. പ്രശസ്ത പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമാണ് ഒടിയൻ.
ഇപ്പോൾ വീണ്ടും ഒടിയൻ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ശ്രീകുമാർ മേനോൻ പങ്ക് വെച്ച ഒരു കുറിപ്പിലൂടെയാണ് ചിത്രം വീണ്ടും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ.. “പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കൾ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി 💜”
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.