സംവിധായകൻ ഗോപിചന്ദ് മലിനേനിയുടെ ചിത്രത്തിൽ ശ്രുതി ഹാസനും നന്ദമൂരി ബാലകൃഷ്ണയുമാണ് നായിക – നായകൻമാർ. നവംബർ 13ന് ആയിരുന്നു പൂജ ചടങ്ങോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇത് മൂന്നാം തവണയാണ് ഗോപിചനന്ദ് മലിനേനിക്കൊപ്പം ശ്രുതി ഹാസൻ അഭിനയിക്കുന്നത്. ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച ചിത്രങ്ങളായ ബാലുപു, ക്രാക്ക് എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇരുവരും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിക്കുന്നത്.
നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തിൽ നായകൻ. എന്നാൽ, ഇദ്ദേഹത്തിന്റെ നായികയാകാൻ ആദ്യം സമ്മതമല്ലാതിരുന്ന ശ്രുതി ഹാസൻ ദീർഘകാല സുഹൃത്തായ ഗോപിചന്ദ് മലിനേനിയുടെ അഭ്യർത്ഥന മാനിച്ചാണ് സമ്മതം മൂളിയത്. എന്നാൽ കർശനമായ ചില ഉപാധികൾ മുന്നോട്ടു വെച്ചാണ് ശ്രുതി ഹാസൻ നായികയാകാൻ സമ്മതിച്ചത്. രണ്ടു കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. നിർമാതാക്കൾ അത് നൽകാമെന്ന് സമ്മതിച്ചു.
കൂടാതെ, അമിതമായ ഗ്ലാമർ രംഗങ്ങളിലോ റൊമാന്റിക് രംഗങ്ങളിലോ അഭിനയിക്കാൻ കഴിയില്ലെന്ന ശ്രുതിയുടെ വ്യവസ്ഥയും നിർമാതാക്കൾ അംഗീകരിച്ചു. നായകനായ നന്ദമൂരി ബാലകൃഷ്ണയെ ആലിംഗനം ചെയ്യാനോ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാനോ കഴിയില്ലെന്ന ശ്രുതിയുടെ വ്യവസ്ഥയും സംവിധായകനും നിർമാതാക്കളും അംഗീകരിച്ചു. ജനുവരിയിൽ ചിത്രത്തിന്റെ പൂർണമായ ഷൂട്ടിംഗ് ആരംഭിക്കും.