പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്. പാലക്കാട് ഒറ്റപ്പാലത്ത് അഞ്ചാമത് ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം പൗരത്വ നിയമ ഭേദഗതി പച്ചയ്ക്കുളള മുസ്ലിം വിരോധമാണെന്നാണ് പറയുന്നത്. നമ്മുടെ സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ നമ്മുക്ക് മാറി നില്‍ക്കാനാകില്ല എന്നും നിഷ്പക്ഷതയും അവിടെ ചോദ്യം ചെയ്യപ്പെടുമെന്നും പച്ചയ്ക്കുള്ള മുസ്ലിം വിരോധമാണ് വേറൊന്നുമല്ല ഇതെന്നും അദ്ദേഹം പറയുന്നു.
കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണെങ്കില്‍ സിനിമയും കൂടുതല്‍ ശക്തി പ്രാപിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കലക്ടീവ് ഫേസ് വണ്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടായി’ എന്ന പ്രതിഷേധ റാലിയിലും പീപ്പിള്‍സ് മാര്‍ച്ചിലും ശ്യാം പുഷ്കരന് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
മമ്മൂട്ടി, പൃഥ്വിരാജ് , പാര്‍വതി തിരുവോത്ത്, ദുല്‍ഖര്‍ സല്മാന്, ലിജോ ജോസ് പെല്ലിശ്ശേരി, ഇന്ദ്രജിത്ത് , കുഞ്ചാക്കോ ബോബന്, ഗീതു മോഹന്‍ദാസ്, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രജീഷ വിജയന്, ബിനീഷ് ബാസ്റ്റിന് തുടങ്ങിയ നിരവധി താരങ്ങൾ മലയാള സിനിമാ മേഖലയില്‍ നിന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് വിപ്ലവം എല്ലായ്പ്പോഴും നമ്മില്‍ നിന്നാണ് ഉയിര്‍ക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങള്‍ പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും റൈസ് എന്ന ഹാഷ്ടാഗോടെ പങ്കുവെച്ചിരുന്നു.