കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ രചയിതാവ് ശ്യാം പുഷ്ക്കരൻ ചിത്രത്തെ കുറിച്ച് പങ്കുവെക്കുകയാണ്. ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘സജി’ എന്ന കഥാപാത്രത്തെക്കാളും ‘ഷമ്മി’യോടാണ് ശ്യാമിന് സാമ്യം. ആ കഥാപാത്രത്തിന്റെ ചില ശീലങ്ങള്‍ തനിക്കും ഉണ്ടെന്നും എഴുതിയ സമയത്ത് തന്നിലെ ‘ഷമ്മി’യെ നോക്കിക്കാണുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
ഷമ്മിയെപ്പോലെ ആഹാരം കഴിക്കാൻ ശ്യാമിനും പ്രത്യേകം പ്ലേറ്റൊക്കെയുണ്ട്. ഷമ്മി എന്ന കഥാപാത്രത്തിന്റെ രൂപീകരണവേള തന്റെയുള്ളിലേക്കുതന്നെ നോക്കിയ ശ്യാം സൗബിന് ഷാഹിര്‍ അവതരിപ്പിച്ച ‘സജി’യെ എഴുതുന്ന സമയത്ത് ഉദാഹരണങ്ങള്‍ക്കായി ചുറ്റുപാടിലേക്കുമാണ് നോക്കിയത്. ‘എന്റെ അച്ഛനെയും കസിന്‍സിനെയുമൊക്കെ പോലെ ദൗര്‍ബല്യങ്ങളുള്ള, നല്ല മനുഷ്യരിലേക്കാണ് സജിക്കുവേണ്ടി ഞാന്‍ നോക്കിയത്’, എന്ന് ശ്യാം പുഷ്കരന് പറയുന്നു.