മമ്മൂക്ക നായകനായ മാസ്സ് ചിത്രം ഷൈലോക്കിന്റെ കളക്ഷനെ കുറിച്ചറിയുവാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകരും പ്രേക്ഷകരും. എങ്കിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അക്കാര്യം പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രം വേൾഡ് വൈഡ് 50 കോടി കളക്ഷൻ നേടിയതായി ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഗുഡ്വിൽ എന്റെർറ്റൈന്മെന്റ്സ്. സംവിധായകൻ അജയ് വാസുദേവും 50 കോടി പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
മമ്മൂക്കയുടെ മാസ്സ് പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത്. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ കസബയും അതുപോലെ ഷാജി പാടൂർ ഒരുക്കിയ അബ്രഹാമിന്റെ സന്തതികളും നിർമ്മിച്ച ജോബി ജോർജ് ആണ് ശൈലോക്കും നിർമ്മിച്ചത്.
ചിത്രം രചിച്ചിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജയ് വാസുദേവിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ഒരു വലിയ താര നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.