മെഗാസ്റ്റാർ മമ്മൂക്കയുടെ ആരാധകർക്കും പ്രേക്ഷകർക്കും ഒരേ പോലെ ആഘോഷം ഉണർത്തുന്ന റിപ്പോർട്ടുകൾ കുറച്ച് മണിക്കൂറുകൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. മമ്മൂക്ക നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസിനൊപ്പം തന്നെ മറ്റൊരു മമ്മൂക്ക ചിത്രമായ ഷൈലോക്കിന്റെ ടീസറും എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഡിസംബർ 12നാണ് മാമാങ്കം തീയറ്ററുകളിൽ എത്തുന്നത്. മാമാങ്കത്തിനൊപ്പം തന്നെ തീയറ്ററുകളിൽ ഷൈലോക്കിന്റെ 1.27 മിനിറ്റ് ദൈർഘ്യമുള്ള ടീസറും പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ടീസർ ഇപ്പോൾ റിലീസ് ചെയ്യണ്ട എന്നാണ് പുതിയ തീരുമാനം. മമ്മൂട്ടി ടീസർ ഇപ്പോൾ പുറത്ത് വിടേണ്ട എന്ന് പറഞ്ഞതായി ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.അതിനാൽ തന്നെ ഇന്ന് വൈകുന്നേരം ഓൺലൈനായി ടീസർ റിലീസ് ചെയ്യാനിരുന്നതും മാറ്റിയിട്ടുണ്ട്.
ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.