ആറു വർഷങ്ങൾക്ക് ശേഷം മോഹൻലാലും സിദ്ദിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ഇതിനു മുൻപ് ഇവർ ഒന്നിച്ച ചിത്രം ലേഡീസ് ആൻഡ് ജെന്റിൽമാൻ ആയിരുന്നു. ഇത്തവണ ചിത്രം നിർമ്മിക്കുന്നത് സിദ്ദിഖിന്റെ പ്രൊഡക്ഷൻ കമ്പനി ആയ എസ് പിക്ചേഴ്സ് ആണ്. സിദ്ദീഖ് അവസാനമായി ചെയ്ത മലയാള ചിത്രം ഫുക്രി ആണ്. സൽമാൻഖാന്റെ സഹോദരൻ അർബാസ് ഖാന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. അർബാസ് ഖാൻ അറിയപ്പെടുന്ന ഒരു സംവിധായകൻ കൂടിയാണ്. അർബാസ് ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്.
വേദാന്തം എന്ന കഥാപാത്രമായി ആണ് അർബാസ് എത്തുന്നത്. അർബാസ് ഈ ചിത്രത്തിലേക്ക് എത്തിയത് എങ്ങനെ എന്ന് ഇപ്പോൾ സിദ്ദിഖ് പറയുകയാണ്. അര്‍ബാസിനെ ഫോണ്‍ ചെയ്ത് കഥ പറയാന്‍ മുംബൈയിലേക്ക് വരാമെന്ന് സിദ്ദിഖ് പറഞ്ഞപ്പോൾ താന്‍ കൊച്ചിയിലേക്ക് വരാമെന്നും മോഹന്‍ലാല്‍ സാറിനെ നേരിട്ട് കാണണമെന്നും ആയിരുന്നു അർബാസ് ഖാന്റെ പ്രതികരണം. കഥയും കേട്ട് ഇഷ്ടപ്പെട്ട്, മോഹന്‍ലാലിനെയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. തമിഴ് നടി റജീന കസാന്ദ്ര നായികയാകുന്ന ചിത്രം മൂന്ന് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ അനൂപ് മേനോനും സർജനോ ഖാലിദും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.