സ്വന്തമായുണ്ടാക്കി പുറത്തുവിടുന്ന സിനമാ നിരൂപണങ്ങളിലൂടെ പണമുണ്ടാക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നു എന്നും പുതുതായി ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമം നടക്കുന്നതായും സംവിധായകന് സിദ്ദിഖ്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ജിസിസി റിലീസിനോടനുബന്ധിച്ച് ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ നിരൂപണ പ്രവണത സിനിമാവ്യവസായത്തെ തകര്‍ക്കാനേ ഉപകരിക്കൂ എന്നും അത്തരം നിരൂപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ ശതമാനം നമ്മുടെ നാട്ടിലുണ്ട് എന്നും സിദ്ദിഖ് പറയുന്നുണ്ട്. തിന്മ എന്ന് പറയുന്നത് അധികകാലം നിലനില്‍ക്കില്ലാത്തതിനാല്‍ ഈ പ്രവണതയും അധികകാലം മുന്നോട്ട് പോവില്ല എന്നും ഇത്തരം പ്രവണതകളെ നിയമം വഴി തടയല്‍ എളുപ്പമല്ലാത്തതിനാല്‍ പ്രേക്ഷകരുടെ പിന്തുണ കൊണ്ട് മാത്രമേ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തനിക്ക് ലഭിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ജിസിസി രാജ്യങ്ങളിലെ റിലീസിംഗ് പുതുതായി ഇറങ്ങുന്ന സിനിമകളുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞു.