മലയാളികളെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ് – ലാലിന്റേത്. രാംജി റാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഇരുവരും അവസാനമായി ഒന്നിച്ചത് ദിലീപ് ചിത്രം കിംഗ് ലയറിന് വേണ്ടിയാണ്. ആ ചിത്രത്തിന്റെ തിരക്കഥ ഇരുവരും ഒന്നിച്ചാണ് എഴുതിയത്. സംവിധാനം ലാലും നിർവഹിച്ചു. ഇപ്പോഴിതാ വീണ്ടും രുവരും ഒന്നിക്കുന്നുവെന്നൊരു സൂചനയാണ് ലാൽ നൽകിയിരിക്കുന്നത്. ഫേസ്ബുക്കിൽ അദ്ദേഹം സിദ്ധിഖിനൊപ്പമുള്ള ഒരു ഫോട്ടോ പങ്ക് വെച്ച് യുവസംവിധായകർ എന്ന് കുറിച്ചതോട് കൂടിയാണ് പ്രേക്ഷകർ ആകെ ആകാംക്ഷയിലായിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദറാണ് സിദ്ധിഖിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സുനാമിയാണ് ലാലിൻറെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.