പൂനവാല്ല കുടുംബം അവരുടെ ആഡംബരവാഹനങ്ങളോടുള്ള പ്രിയത്തെ തുടർന്ന് ഏറെ പ്രശസ്തരാണ്. വളരെ വില കൂടിയ ലക്ഷ്വറി വാഹനങ്ങളും സ്പോർട്സ് വാഹനങ്ങളും അവർക്ക് സ്വന്തമായിട്ടുണ്ട്. ആ ഒരു ശേഖരത്തിലേക്ക് കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് ഫാന്റം സീരീസ് 8 എന്ന വാഹനവും കൂടി എത്തിയിരിക്കുകയാണ്.
സ്റ്റാൻഡേർഡ് വീൽബേസ്, എക്സ്റ്റൻഡഡ് വീൽബേസ് എന്നിങ്ങനെ രണ്ടു വേർഷനുകളാണ് റോൾസ് റോയ്സ് ഫാന്റം സീരീസ് 8നുള്ളത്. ഇതിലേത് വേർഷനാണ് പൂനവല്ല കുടുംബം സ്വന്തമാക്കിയിരിക്കുന്നത് എന്നറിയില്ല. ഇന്ത്യയിൽ കോവിഡിന് എതിരായുള്ള കോവിഷീൽഡ് എന്ന വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദർ പൂനവല്ലയാണ് റോൾസ് റോയ്സ് ഫാന്റം സീരീസ് 8 സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് വാക്സിനുകളും ഇതേ കമ്പനിയിൽ നിന്നും ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് അവർ ഇപ്പോൾ.
റോൾസ് റോയ്സ് ഫാന്റം സീരീസ് 8ലെ രണ്ടാമത്തെ വാഹനമാണ് അദർ പൂനവല്ല സ്വന്തമാക്കിയിരിക്കുന്നത്. 2019ലാണ് ആദ്യത്തെ വാഹനം അദർ പൂനവല്ല സ്വന്തമാക്കിയത്. ഫാന്റം 7 സെഡാനുകൾ രണ്ടെണ്ണം പൂനാവല്ല കുടുംബത്തിന് സ്വന്തമായിട്ടുണ്ട്. യോഹാൻ പൂനവല്ലയാണ് ആ വാഹനങ്ങൾ ഉപയോഗിക്കുന്നത്. റോൾസ് റോയ്സ് ഫാന്റം സീരീസ് 8ന്റെ വില തുടങ്ങുന്നത് 10 കോടിയിലാണ്. നികുതിയും മറ്റും കൂട്ടി വാഹനം നിരത്തിലിറങ്ങുമ്പോൾ ഏകദേശം പന്ത്രണ്ട് കോടിയോളം ചിലവ് വരും.