മുംബൈ: ഇന്ത്യയുടെ സംഗീത വിസ്മയം, ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കർ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ന്യൂമോണിയയും കോവിഡും ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അവരുടെ നില അതീവഗുരുതരമായിരുന്നു. വെന്റിലേറ്റർ സഹായത്തിൽ ആയിരുന്നു. ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് മരണം സംഭവിച്ചത്.
1942ൽ പതിമൂന്നാമത്തെ വയസിൽ ലത മങ്കേഷ്കർ ആദ്യമായി സിനിമയിൽ പാടി. പിന്നീട് ഏഴ് ദശാബ്ദത്തോളം നീണ്ടു നിന്ന ജീവിത കാലഘട്ടത്തിൽ വിവിധ ഭാഷകളിലായി 30, 000 ഗാനങ്ങൾ ലത മങ്കേഷ്കർ പാടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലത മങ്കേഷ്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലത മങ്കേഷ്കറിന് സംഗീതത്തിന്റെ ഏതാണ്ടെല്ലാ പുരസ്കാരവും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായി ആശ ഭോസ് ലെ ഇളയ സഹോദരിയാണ്.
പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹെബ് ഫാൽകെ അവാർഡ്, ഭാരതരത്നം തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മലാളത്തിലും ലത മങ്കേഷ്കർ പാടിയിട്ടുണ്ട്. നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.’ എന്ന് തുടങ്ങുന്ന ഗാനമാണ് ലത മങ്കേഷ്കർ ആലപിച്ചത്. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലത മങ്കേഷ്കർ പാടിയിട്ടുള്ള ഏക മലയാള ഗാനം ഇതാണ്.