മലയാളികൾക്ക് പോസിറ്റീവ് എനർജിക്ക് ഒരു പേരു കൊടുക്കാമെങ്കിൽ അതിന് റിമി ടോമി എന്ന് വിളിക്കാമെന്ന് ആയിരിക്കും ഭൂരിഭാഗം ആളുകളും പറയുക. കാരണം, റിമി ടോമി എന്ന പേര് അത്രത്തോളം ഇഷ്ടമാണ് ഓരോരുത്തർക്കും. ഗായിക ആണെങ്കിലും സ്റ്റേജ് ഷോകൾ കൈയിലെടുക്കുന്ന അവതാരക കൂടിയാണ് റിമി. ടെലിവിഷൻ അവതാരക കൂടിയായ റിമി ഇപ്പോൾ റിയാലിറ്റി ഷോയിലെ വിധികർത്താവുമാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തന്റെ പുതിയ രൂപമാറ്റത്തിനു ശേഷമുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളും കുക്കിംഗ് വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. ജിമ്മിലെ ട്രയിനിങ്ങിന് ഇടയിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചത്. ‘പ്രചോദനത്തിലാണ് നിങ്ങൾ ആരംഭിക്കുന്നത്, എന്നാൽ ശീലമാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന പാട്ടും പാടിയാണ് മലയാളി സിനിമ പിന്നണിഗാന മേഖലയിലേക്ക് റിമി ടോമി എത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിന് ശേഷം ടിവി ചാനലുകളിൽ അവതാരകയായും റിമി ടോമി ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിലും ഒരു കൈ പരീക്ഷിച്ചിട്ടുണ്ട് താരം. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിൽ ആയിരുന്നു റിമി അഭിനയിച്ചിട്ടുള്ളത്.
View this post on Instagram