2020 ദുരന്തങ്ങളുടെ ഘോഷയാത്രയാണ്. കരിപ്പൂർ നടന്ന വിമാനാപകടത്തിന്റെ വെളിച്ചത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്കെതിരെ ഇപ്പോൾ പ്രതികരിക്കുകയാണ് ഗായികയായ സിതാര കൃഷ്ണകുമാർ. ദുരന്തമുഖത്ത് എത്തിപ്പെട്ടവർക്കും ദുരന്തമനുഭവിച്ചവർക്കുമേ അതിന്റെ ഗൗരവമറിയൂവെന്നും രക്ഷാപ്രവർത്തനങ്ങളെ ജില്ലയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചുകാണുന്നത് അസംബന്ധമാണെന്നും സിത്താര തുറന്നു പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.
സിത്താര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പ്രളയകാലത്ത് തെക്കൻ ജില്ലകളിൽ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളും, വോളന്റീർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൊച്ചിയിലെയും, തിരുവന്തപുരത്തെയും പിള്ളേരും, കഴിഞ്ഞ വർഷം മഴക്കെടുതി കാലത്ത് കൈമെയ്യ് മറന്നു മണ്ണിലേക്കും മഴയിലേക്കും ഇറങ്ങിയ വയനാട്ടിലെയും, നിലമ്പൂരെയും, ഇടുക്കിയിലെയും ആളുകളും, ഇന്നലെ കൊണ്ടോട്ടിയിൽ അവനവൻ എന്ന ചിന്തയുടെ ഒരു തരിമ്പില്ലാതെ എയർപോർട്ടിലേക്ക് ഓടിയെത്തിയ കൊണ്ടോട്ടിക്കാരും… ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യർ, നന്മയുള്ള പ്രതീക്ഷകൾ, പച്ചമനുഷ്യർ !!!! അവരെ കണ്ട് ആവേശപ്പെട്ടാൽ മാത്രം പോരാ, “എന്റെ വീട്, എന്റെ ആരോഗ്യം, എന്റെ സ്വത്ത്,….. ഈ അവനവൻ വിചാരങ്ങളിൽ ചെറിയ മാറ്റം വരുത്താനും ” ഈ മനുഷ്യരെ കണ്ട് ശീലിക്കണം !!!! അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ന്യൂസും, എക്സ്ക്ലൂസീവ് വിഷ്വലുകളും, വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന്, ചായയുടെയും ചോറിന്റെയും ഇടവേളയിൽ ഒരു മാസ്സ് പടം പോലെ കണ്ട് ആവേശപ്പെട്ടു, ഉറങ്ങും മുന്നേ ഫേസ്ബുക്കിൽ ജില്ലാ അടിസ്ഥാനത്തിലും, മതത്തിന്റെ അടിസ്ഥാനത്തിലും ഫാൻ ഫൈറ്റ് നടത്തുന്നത് ശുദ്ധ അസംബന്ധം ആണ് !!!
#നല്ലമനുഷ്യരെകണ്ട്പഠിക്കാം
#മനുഷ്യൻമനുഷ്യനെവിശ്വസിക്കുന്നകാലം
#humanbeings #lifelessons #prayers #humanity
#believeinfellowbeings