നടിമാർ തങ്ങളുടെ വർക് ഔട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിൽ ആരാധകർക്ക് അത്ഭുതമൊന്നും തോന്നാറില്ല. കാരണം, അത് പതിവാണ്. എന്നാൽ അഭിനേത്രികൾ മാത്രമല്ല ഗായികമാരും തങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുന്നതിൽ കരുതലുള്ളവരാണ്. അത്തരത്തിൽ മലയാളികളെ ആദ്യം അമ്പരപ്പിച്ചത് ഗായികയും അവതാരകയുമായ റിമി ടോമി ആയിരുന്നു. ഇപ്പോൾ ഇതാ വർക് ഔട്ട് വീഡിയോയുമായി എത്തി സിത്താര കൃഷ്ണകുമാറും നമ്മളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വർക്ക് ഔട്ടിന്റെ വീഡിയോ സിതാര പങ്കുവെച്ചത്.
122 പൗണ്ട് ഭാരമാണ് താരം വർക് ഔട്ടിന്റെ ഭാഗമായി ലിഫ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോയാണ് പങ്കുവെച്ചത്. പത്തു തവണ വീതമുള്ള മൂന്ന് സെറ്റ് ആണ് താരം പൂർത്തിയാക്കിയത്. ചെറിയൊരു കുറിപ്പോടു കൂടിയാണ് തന്റെ വെയിറ്റ് ലിഫ്റ്റിംഗ് വീഡിയോ താരം പങ്കുവെച്ചത്. കുറിപ്പ് ഇങ്ങനെ, ‘എന്റെ പ്രായത്തിലുള്ള സ്ത്രീകളോട്, ചില നേരങ്ങളിൽ നമ്മൾ നടുവേദന, സന്ധിവേദന, അമിത ശരീരഭാരം എന്നിവയെക്കുറിച്ചു പരാതിപ്പെടാറുണ്ട്. ജോലി സമ്മർദ്ദം, ഹോർമോണ് വ്യതിയാനം തുടങ്ങിയവയൊക്കെ ആയിരിക്കാം അതിന് കാരണം. നിങ്ങളുടെ ശരീരത്തോട് സംസാരിക്കാൻ അൽപസമയം കണ്ടെത്തൂ. എന്നെ വിശ്വസിക്കൂ, തീർച്ചയായും ഇത് ഗുണം ചെയ്യും. ഇത് ആഡംബര ജിമ്മുകളിൽ പണം ചെലവഴിക്കുന്നതിനെക്കുറിച്ച് മാത്രമല്ല പറയുന്നത്. വേഗതയിലുള്ള നടത്തത്തിനു പോലും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും. എനിക്ക് മിടുക്കനായ ഈ പരിശീലകനുണ്ട്. സഹോദര, നിങ്ങൾ ഒരു വിസ്മയമാണ്’ – സിതാര കുറിച്ചു.
View this post on Instagram
രണ്ടു തവണ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള നടിയാണ് സിതാര കൃഷ്ണകുമാർ. ചെറുപ്പം മുതൽ സംഗീതം അഭ്യസിക്കുന്ന സിതാര 2007 മുതലാണ് സിനിമയിൽ സജീവമായത്. വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന സിനിമയിൽ ആയിരുന്നു സിതാര ആദ്യമായി പിന്നണി ഗായികയായത്. ഇതുവരെ ഏകദേശം മുന്നൂറിൽ അധികം പാട്ടുകളാണ് സിതാര സിനിമയിൽ പാടിയിട്ടുള്ളത്. തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയിട്ടുള്ള സിതാര സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഗായിക സയനോര സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണത്തിന് ആക്രമിക്കപ്പെട്ടപ്പോൾ സിതാരയും സുഹൃത്തുക്കളും അതിന് പിന്തുണ നൽകിയിരുന്നു.