കൂട്ടുകാർക്കൊപ്പം ഒത്തു കൂടിയപ്പോൾ ചവിട്ടിയ നൃത്തച്ചുവടുകളുടെ വീഡിയോ ഗായിക സയനോര ഫിലിപ്പ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി അഭിനന്ദനങ്ങൾ വീഡിയോയ്ക്ക് ലഭിച്ചെങ്കിലും നൃത്തവീഡിയോയിലെ സയനോരയുടെ വസ്ത്രധാരണത്തെക്കുറിച്ച് വളരെ മോശം കമന്റുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. തനിക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്ക് സയനോര മറുപടി നൽകിയത് അതേ വേഷത്തിലുള്ള ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു.
സയനോരയ്ക്കൊപ്പം ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, ശിൽപ ബാല, ഷഫ്ന തുടങ്ങിയവർ ആയിരുന്നു നൃത്തവീഡിയയോയിൽ ഉണ്ടായിരുന്നത്. ഉറ്റ സുഹൃത്തുക്കളായ ഇവർ ഇടയ്ക്കിടെ ഒത്തു കൂടാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞദിവസം ഒത്തു കൂടിയപ്പോൾ എടുത്ത നൃത്ത വീഡിയോ ആയിരുന്നു സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനു പിന്നാലെയാണ് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സയനോരയ്ക്ക് എതിരെ വിമർശനവുമായി ചിലർ സോഷ്യൽ മീഡിയയിൽ എത്തിയത്. എന്നാൽ, സയനോര തനിച്ചല്ലെന്നും തങ്ങളുണ്ട് കൂടെയെന്ന സന്ദേശവുമായി സുഹൃത്തുക്കളടക്കമുള്ളവരാണ് സയനോരയ്ക്ക് പിന്തുണയുമായി എത്തുന്നത്.
View this post on Instagram
View this post on Instagram
ഗായിക സിതാര കൃഷ്ണകുമാറും കൂട്ടുകാരികളും സയനോരയ്ക്ക് പിന്തുണയുമായി എത്തി. സയനോര തന്നെയാണ് സിതാരയും കൂട്ടുകാരും നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക’ എന്ന കാപ്ഷനോടെ ആയിരുന്നു സയനോര വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം ‘ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സയ, ഒപ്പം എല്ലാ പെൺകുട്ടികൾക്കും സ്നേഹം’ – എന്നും കുറിച്ചിട്ടുണ്ട്. ഇതിനിടെ സയനോരയ്ക്ക് പിന്തുണയുമായി നിരവധി പെൺകുട്ടികളാണ് നൃത്തച്ചുവടുകളുമായി എത്തിയത്. 1999ൽ പുറത്തിറങ്ങിയ ‘താൽ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിന് ആയിരുന്നു സയനോരയും കൂട്ടുകാരും ചുവടുവെച്ചത്.