ബേസില്‍ ജോസഫ്-ടോവിനോ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘മിന്നല്‍ മുരളി’യെ പുകഴ്ത്തി മന്ത്രി വി ശിവന്‍കുട്ടി. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ ആണ് മിന്നല്‍ മുരളി എന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
”മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമ.. മിന്നലായി ബേസിലും ടോവിനോയും.. അത്ഭുതമായി ഗുരു സോമസുന്ദരം.. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ ‘മിന്നല്‍ മുരളി” എന്നാണ് ശിവന്‍കുട്ടിയുടെ കുറിപ്പ്.
പിന്നാലെ മന്ത്രിക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസുമെത്തി.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്.’ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘മിന്നല്‍ മുരളി’ റിലീസ് ചെയ്തിട്ടുണ്ട്.