കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സ്മിനു സിജോ. സ്കൂള്‍ ബസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് സ്മിനു സിജോ അഭിനയ ലോകത്തേക്ക് എത്തിയത്. പിന്നാലെ ഞാന്‍ പ്രകാശന് എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ ഭാര്യയായും തിളങ്ങി. കെട്ടിയോളാണെന്റെ മാലാഖയിലെ സ്ലീവാചന്റെ സഹോദരി വേഷത്തിലൂടെയാണ് സ്മിനു ശ്രദ്ധിക്കപ്പെട്ടത്. ഈയിടെ പുറത്തിറങ്ങിയ ഓപ്പറേഷന് ജാവയിലും സ്മിനു അഭിനയിച്ചു.
മുന്‍ സംസ്ഥാന ഹാന്‍ഡ്ബോള്‍ താരമായ സ്മിനു അപ്രതീക്ഷിതമായാണ് സിനിമയിലേക്കെത്തിയത്. ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്കൂള്‍ ബസില്‍ ചെറിയ വേഷം ചെയ്തത്. കുടുംബ സുഹൃത്തായ ശ്രീനിവാസന് നേരിട്ട് വിളിച്ച് ഞാന്‍ പ്രകാശനിലെ ഗോപാല്‍ജിയുടെ ഭാര്യയായി അഭിനയിപ്പിച്ചത്.
സ്മിനുവിന്റെ മകള്‍ സാന്ദ്രയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയില്‍ സ്മിനുവിന്റെ കഥാപാത്രമായ അന്നയുടെ, മകള്‍ ടീനയായി സാന്ദ്ര എത്തിയിരുന്നു. ബിസിനസ്സുകാരനായ സിജോയാണ് സ്മിനുവിന്റെ ഭര്‍ത്താവ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയാണ് സ്മിനു. സാന്ദ്രയെ കൂടാതെ സെബിന് എന്നൊരു മകനുമുണ്ട് ഇരുവര്‍ക്കും.